തിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് മണിമലയാറ്റിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങൾ നീക്കം ചെയ്ത് തോട് ശുചിയാക്കി. മണിമലയാറിന്റെ കൈവഴിയായ വെൺപാല തോട്ടിലൂടെ ഒഴുകിയെത്തി ചക്രശാല കടവ് പാലത്തിന്റെ സമീപത്തായി കെട്ടിക്കിടന്ന പ്ലാസ്റ്റിക് കുപ്പികളും പോളയും പായലും ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് കെ.പി. വിജയൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശുചിയാക്കിയത്. വെള്ളപ്പൊക്കത്തിൽ ആറ്റുവക്കിലെ മുളങ്കാട് തോട്ടിലേക്ക് മറിഞ്ഞു വീഴുകയും അതിൽ കുടുങ്ങി മാലിന്യങ്ങൾ കെട്ടിക്കിടക്കുകയും ചെയ്തതോടെ ആറ്റിൽ രൂക്ഷ ദുർഗന്ധവും ഒഴുക്ക് നിലച്ച സ്ഥിതിയിലുമായിരുന്നു. ഇതേപോലെ അപ്പർകുട്ടനാട്ടിലെ മിക്ക തോടുകളിലും വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ പലയിടത്തും കുമിഞ്ഞുകൂടി കിടക്കുന്നത് നീക്കം ചെയ്യാൻ ബന്ധപ്പെട്ട അധികൃതർ ഇനിയും തയാറായിട്ടില്ല. തോട് ശുചിയാക്കാൻ അധികൃതരും ഇടപെടാതിരുന്നതോടെ ട്രസ്റ്റ് രക്ഷാധികാരി കെ.പി.വിജയൻറെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ നടത്തിയ പരിശ്രമങ്ങൾക്ക് ഒടുവിലാണ് തോട് വൃത്തിയാക്കാനായത്.