പത്തനംതിട്ട: നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കോന്നി വകയാർ പോപ്പുലർ ഫൈനാൻസ് ഉടമകളെയും രണ്ട് പെൺമക്കളെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പൊലീസ് പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. മാനേജിംഗ് പാർട്ണർ തോമസ് ഡാനിയേൽ, ഭാര്യയും പാർട്ണറുമായ പ്രഭാ തോമസ്, മക്കൾ റിനു (ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ), റേബ (ബോർഡ് ഒഫ് ഡയറക്ടേഴ്സ് അംഗം) എന്നിവരാണ് അറസ്റ്റിലായത്. തോമസിനെ കൊല്ലം നായേഴ്സ് ആശുപത്രിയിലെ കൊവിഡ് സെന്ററിലേക്കും ഭാര്യയെയും മക്കളെയും ഇൗസ്റ്റ്ഫോർട്ട് ജി.എൽ.എസ് കൊവിഡ് സെന്ററിലേക്കും മാറ്റി. കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം ജയിലിലേക്ക് മാറ്റും.
പോപ്പുലർ ഫൈനാൻസ് പ്രവർത്തിച്ചത് റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2014 മുതൽ പോപ്പുലർ ഫൈനാൻസിന് നിക്ഷേപം സ്വീകരിക്കാൻ നിയമപരമായി അനുമതിയുണ്ടായിരുന്നില്ല. 12 ശതമാനം പലിശയാണ് പോപ്പുലർ ഫൈനാൻസ് വാഗ്ദാനം ചെയ്യുന്നത്. ഇത് റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്ക് എതിരാണ്. 2014ൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് പോപ്പുലർ ഫൈനാൻസിന് നിയമപരമായ തടസങ്ങളുണ്ടായത്. എന്നാൽ, ഈ കേസിൽ ഹൈക്കോടതിയെ സമീപിച്ച് ഉടമകൾ തുടർനടപടികൾ നീട്ടിക്കൊണ്ടുപോയി.
മാനേജിംഗ് പാർട്നർ തോമസ് ഡാനിയേലിന്റെ മക്കളുടെ പേരിലാണ് പോപ്പുലർ ഫൈനാൻസിന്റെ 21 ലിമിറ്റഡ് ലയബലിറ്റി പാർട്ണർഷിപ്പ് കമ്പിനികൾ രജിസ്റ്റർ ചെയ്തിരുന്നത്. ഇത് കടലാസ് സംഘടനകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലാഭവും നഷ്ടവും നിക്ഷേപകർ തന്നെ സഹിക്കണമെന്നാണ് വ്യവസ്ഥകൾ. സംഭാവനകളെന്ന പേരിലാണ് കമ്പനികളിൽ സമീപകാലത്ത് നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. അടുത്തിടെ കമ്പനികൾ നഷ്ടത്തിലാണെന്ന് വരുത്തിത്തീർക്കുകയും രണ്ടാഴ്ച മുമ്പ് ഉടമസ്ഥാവകാശം തോമസ് ഡാനിയേലിന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു.
പോപ്പുലർ ഫൈനാൻസിന്റെ വിവിധ ബ്രാഞ്ചുകളിൽ ഇടപാടുകാർ ഈടായി നൽകിയ സ്വർണം കമ്പനി മറ്റു ബാങ്കുകളിൽ പണയം വച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിവിധ ബാങ്കുകളുടെ തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിൽ സ്വർണം പണയംവച്ച് 80 കോടി രൂപയാണ് ഉടമകൾ വാങ്ങിയത്. എന്നാൽ, തോമസ് ഡാനിയേലിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ ഏതാനും ലക്ഷങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
തോമസിന്റെ ഭാര്യയും മക്കളും കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കൂടുതലായി ഇടപെട്ടപ്പോഴുണ്ടായ പ്രശ്നങ്ങളാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സാമ്പത്തിക കാര്യങ്ങളിൽ വിദഗ്ദനായ ഒരു മാനേജർ രാജി വച്ചതോടെ കമ്പനി പ്രതിസന്ധിയിലായെന്ന് അറിഞ്ഞ നിക്ഷേപകരിൽ ചിലർ പരാതിയുമായി രംഗത്തുവരികയായിരുന്നു.