പന്തളം : ഓണാഘോഷത്തിന്റെ ഭാഗമായി പൂഴിക്കാട് ഗവ.യു.പി സ്‌കൂളിൽ ഓൺലൈനായി ഓർമ്മയിലെ ഓണം എന്ന പരിപാടി നടത്തി. അത്തപ്പൂക്കളമിട്ടും മാവേലി മന്നന്റെ വേഷം ധരിച്ചും ഓണപ്പാട്ടുകളും പ്രസംഗങ്ങളും ആർപ്പുവിളികളുമായി കുട്ടികൾ പങ്കുചേർന്നു. കൊവിഡ് കാലത്ത് ഒത്തുചേരാൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ച ആഘോഷം പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടർ പി.കെ.ഹരിദാസ് കുടുംബ സമേതം ഓണപ്പാട്ടു പാടി ഉദ്ഘാടനം ചെയ്തു. സമൂഹ നന്മയും പരസ്പരം സഹായം ചെയ്യാനുള്ള മനസ്സും വളർത്തിയെടുക്കണമെന്ന സന്ദേശം കുട്ടികൾക്കു നൽകി. സാഹിത്യകാരനും പത്രപ്രവർത്തകനുമായ സി.റഹീം, ഓർമ്മയിലെ ഓണാഘോഷങ്ങൾ കുട്ടികളുമായി പങ്കിട്ടത് നവ്യ അനുഭവമായിരുന്നു. തന്റെ ബാല്യകാലത്ത് അയൽപക്കത്തുള്ള ആൾക്കാർ ഏതെങ്കിലും ഒരു വീട്ടുമുറ്റത്ത് ഒത്തുകൂടുകയും വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചിരുന്ന ആ കാലഘട്ടത്തേക്ക് അദ്ദേഹം കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. അത്തം ഉദിക്കുന്നതിന്നു മുമ്പു തന്നെ ഓണക്കാലം അറിയിക്കുന്ന ഓണപക്കിയുടെ വരവും കപ്പമാവിലെ ഊഞ്ഞാലാട്ടവും
കുക്കുടുകളിയും പുലികളിയും എല്ലാം അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. കാർഷിക വിളകളുടെ വിളവെടുപ്പ്, നെൽപ്പാടങ്ങൾ പൊന്നണിഞ്ഞു നിൽക്കുന്നത്, വിവിധ വിഭവങ്ങളോടു കൂടിയ ഓണസദ്യ അങ്ങനെ ഒത്തിരി ഒത്തിരി അനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കിട്ടു.
ഓണവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകളിലൂടെ ഓണക്കാല ഓർമ്മകൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ രാജേഷ് എസ്. വള്ളിക്കോട് പങ്കിട്ടത് വ്യത്യസ്ഥമായ അനുഭവമായിരുന്നു. പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.ആർ.സുധർമ്മ ഓണസന്ദേശം നൽകി. സ്‌കൂൾ പ്രഥമാദ്ധ്യാപിക ബി. വിജയലക്ഷ്മി , ശ്രീനാഥ് .എസ് , രേഖ.പി എന്നിവർ സംസാരിച്ചു.