പത്തനംതിട്ട : ബസുകൾ നിരത്തിലിറങ്ങാതായതോടെ മണിക്കൂറുകളാണ് ജനം സ്റ്റോപ്പുകളിൽ കാത്തുനിൽക്കേണ്ടിവരുന്നത്. ഒരു ബസ് പോയി ഒന്നര മണിക്കൂറിന് ശേഷമാണ് അടുത്ത ബസ് എത്തുക. 11.30 കഴിഞ്ഞാൽ പിന്നെ അത് രണ്ടും മൂന്നും മണിക്കൂറാകും. യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാൻ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നുണ്ടെങ്കിലും അവയ്ക്കും മണിക്കൂറുകളുടെ ഇടവേളയാണുള്ളത്. സീറ്റിൽ നിറയെ ആളുകൾ ആയാൽ മാത്രമേ സ്റ്റാൻഡുകളിൽ നിന്ന് ബസ് പുറപ്പെടു. യാത്രക്കാർ അത്രയും നേരം ബസിൽ ഇരിക്കേണ്ടി വരും. നിന്ന് യാത്ര ചെയ്യരുതെന്ന് നിർദേശമുണ്ടെങ്കിലും പല ബസുകളിലും ഇത് പാലിക്കുന്നില്ല. ഉച്ചസമയങ്ങളിൽ യാത്രക്കാരും ബസുകളും കുറവാണ്. കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറാണ് കൂടുതൽ സർവീസ് നടത്തുന്നത്. സമീപ ജില്ലകളിലേക്കും ബസ് സർവീസുകൾ നടത്തുന്നുണ്ട്. റാന്നി, അടൂർ, മല്ലപ്പള്ളി, തിരുവല്ല, പന്തളം തുടങ്ങിയ പ്രധാന റൂട്ടുകളിൽ സർവീസുകൾ മണിക്കൂറുകൾ ഇടവിട്ടാണ്. സാധാരണക്കാരായ ജനങ്ങളാണ് ബസുകളെ ആശ്രയിക്കുന്നവരിൽ ഭൂരിഭാഗവും. ബസ് ജീവനക്കാരുടെ ബുദ്ധിമുട്ടും ഉടമകളുടെ പ്രതിസന്ധിയും കണക്കിലെടുക്ക് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരുന്നു.
ഇപ്പോൾ മിനിമം ചാർജ് 8 രൂപ ആണ്. ഒരോ കിലോമീറ്റർ കൂടുമ്പോഴും ചാർജ് കൂടി കൊണ്ടിരിക്കും. മുമ്പ് 10 രൂപ ആയിരുന്നത് 13 ആണിപ്പോൾ. 13 രൂപ 17 ആയി. ഫാസ്റ്റ് പാസഞ്ചറിനും നിരക്കിൽ വർദ്ധനയുണ്ട്.