പത്തനംതിട്ട: കൊവിഡ് നിബന്ധനകൾ പാലിച്ച് ജില്ലയിലെ വീടുകളിലും ഗുരുമന്ദിരങ്ങളിലും ശ്രീനാരയണ ഗുരുദേവന്റെ ജയന്തി ആഘോഷിച്ചു. വിശേഷാൽ പൂജകളും സമൂഹ പ്രാർത്ഥനകളും ലളിതമായി നടത്തി. ജയന്തി ഘോഷയാത്രകളും സമ്മേളനങ്ങളും അന്നദാനവും ഒഴിവാക്കി. പത്തനംതിട്ട, കോഴഞ്ചേരി, പന്തളം, അടൂർ, റാന്നി, തിരുവല്ല, ചെങ്ങന്നൂർ യൂണിയനുകളിലെ ശ്രീനാരായണീയരുടെ വീടുകളിലും ഗുരുമന്ദിരങ്ങളിലും ഗുരുദേവന്റെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി ചടങ്ങുകൾ നടത്തി. ഗുരുദേവ കൃതികളുടെ പാരായണവും വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡ് വിതരണവും നടന്നു.കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ. മോഹനബാബു 750ാം അയിരൂർ ശാഖയിലും സെക്രട്ടറി ബി.ദിവാകരൻ ഇടയാറൻമുള ശാഖയിലും ചടങ്ങുകളിൽ പങ്കെടുത്തു.എസ്.എൻ.ഡി.പി യോഗം 4541 ടൗൺ ബി ശാഖയിലെ ചതയാഘോഷ പരിപാടികൾ യൂണിയൻ പ്രസിഡന്റ്‌ കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദർശനത്തിന്റെ പ്രാധാന്യവും പ്രശക്തിയും കാലദേശങ്ങൾക്ക് അധീതമായി വർദ്ധിച്ചു വരുകയാണെന്ന് പദ്മകുമാർ പറഞ്ഞു.ശാഖ പ്രസിഡന്റ്‌ സി.കെ ബോസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റി മെമ്പർ ജി സുധീർ,ശാഖ സെക്രട്ടറി ദീപേഷ് കെ.ബാലൻ എന്നിവർ പ്രസംഗിച്ചു.