തിരുവല്ല: നിരണത്ത് കോൺഗ്രസ് ആസ്ഥാന മന്ദിരം അടിച്ചു തകർത്തു. ഇലഞ്ഞിക്കൽ ജംഗ്ഷന് സമീപമുള്ള കോൺഗ്രസ് നിരണം മണ്ഡലം കമ്മിറ്റി ഓഫീസാണ് തകർത്തത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ ആയിരുന്നു സംഭവം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കോൺഗ്രസ് പാർട്ടി സ്ഥാപിച്ചിരുന്ന സ്മൃതി മന്ദിരങ്ങളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. നിരണത്തെ ഏഴ് കൊടിമരങ്ങളും, കടപ്ര, തിരുവല്ല ,പെരിങ്ങര, കുറ്റൂർ എന്നീ മണ്ഡലങ്ങളിലെ അനേകം കൊടിമരങ്ങളും നശിപ്പിച്ചു.സംഭവത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് കെ.പി.സി.സി നിർവ്വാഹക സമിതിയംഗം പ്രഫ.സതീഷ് കൊച്ചു പറമ്പിൽ ആരോപിച്ചു. സംഭവം സംബന്ധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിൽ പുളിക്കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.