destruction
അരീത്തോട്

തിരുവല്ല: അപ്പർകുട്ടനാട്, കുട്ടനാട് പ്രദേശങ്ങളുടെ ജീവനാഡിയായ അരീത്തോടിന്റെ മരണമണി മുഴങ്ങുന്നു. വർഷങ്ങൾക്ക് മുൻപ് ബോട്ടുകളും വള്ളങ്ങളും ഉണ്ടായിരുന്ന തോടാണിത്. അന്ന് നല്ല വീതിയുണ്ടായിരുന്ന തോടിന്റെ പലഭാഗങ്ങളും ഇപ്പോൾ ശോഷിച്ചു.. നീരൊഴുക്ക് നിലച്ചുതുടങ്ങി. വ്യാപകമായി തോട് കൈയേറിയതിനൊപ്പം പലയിടത്തും മരങ്ങൾ കടപുഴകി തോട്ടിലേക്ക് വീണുകിടക്കുകയാണ്. ആറ്റുതീരങ്ങളിലെ മുളങ്കാടുകൾ ഒഴുക്കിനെ തടസപ്പെടുത്തുന്നവിധം നദിയിലേക്ക് മറിഞ്ഞുകിടക്കുന്നു. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ പോളയും പായലും മറ്റ് മാലിന്യങ്ങളും കൂടിയായതോടെ തോട്ടിലൂടെ വെള്ളം എങ്ങനെ ഒഴുകുമെന്നാണ് സമീപവാസികൾ ചോദിക്കുന്നത്. അരിത്തോടിന്റെ നീരൊഴുക്ക് പൂർവസ്ഥിതിയിലാക്കിയാൽ മാത്രമേ പ്രദേശത്തെ മറ്റ് കൈത്തോടുകളുടെയും പുനർജീവനം സാദ്ധ്യമാകു. കോലറയാർ, കോട്ടച്ചാൽ എന്നിവയും അരിത്തോട്ടിലേക്ക് ഒഴുകിയെത്തുന്നു. നിരണം മേഖലയിലെ പാടശേഖരങ്ങളിലേക്ക് നെൽകൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കേണ്ട തോടുകൂടിയാണിത്. കുളിക്കുന്നതിനും തുണിയലക്കുന്നതിനും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കും ഈ തോടിനെയായിരുന്നു പ്രദേശവാസികൾ പ്രധാനമായും ആശ്രയിച്ചിരുന്നത്. നീരൊഴുക്ക് നിലച്ചതോടെ വെള്ളം നിറംമാറി ദുർഗന്ധം വമിച്ച് ഉപയോഗ ശൂന്യമായി മാറിയിരിക്കുകയാണ്.

-------------

വ്യാപകമായ കൈയേറ്റം


നദി കൈയേറുന്നതാണ് പ്രധാന പ്രശ്നമെന്ന് നാട്ടുകാർ പറയുന്നു. മണിമലയാറിന്റെ കൈവഴിയായി നിരണം തോട്ടടി, വട്ടടി കടവ് എന്നിവിടങ്ങളിലൂടെ ഒഴുകി പാണ്ടനാട്ടിൽ വരെയെത്തുന്ന തോടിന്റെ പലഭാഗത്തും കൈയേറ്റം വ്യാപകമാണ്. സംരക്ഷണ ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലാണ് കൈയേറ്റം കൂടുതലായും നടന്നിരിക്കുന്നത്. ചക്കുളം മുതൽ വട്ടടി കടവ് വരെയുള്ള സ്ഥലങ്ങളിലാണ് കൈയേറ്റം രൂക്ഷം. അരിത്തോടിനെ സംരക്ഷിക്കുന്നതിനായി ജനകീയ സമിതിക്ക് രൂപം നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.

-------------

സർവേ നടത്തണം


അരീത്തോട്ടിലെ കൈയേറ്റം കണ്ടെത്താൻ സർവേ നടത്തണം. ഇതിനായി നിവേദനങ്ങൾ നൽകിയെങ്കിലും സർവേയർമാരുടെ കുറവുമൂലം നടന്നിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിൽ മുമ്പ് പോളവാരൽ മാത്രമാണ് നടന്നിട്ടുള്ളത്.


ലതാ പ്രസാദ്
പ്രസിഡന്റ്
നിരണം ഗ്രാമപഞ്ചായത്ത്