panni

അരുവാപ്പുലം: ജനവാസ മേഖലകളിലെ കൃഷിയിടങ്ങളിൽ ജീവന് ഭീഷണിയാവുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാമെന്ന ഉത്തരവ് സംസ്ഥാനത്താദ്യം അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയിൽ കഴിഞ്ഞ മെയ് 15ന് നടപ്പാക്കിയെങ്കിലും കർഷകരിന്നും കാട്ടുപന്നികളെ ഭയന്നാണ് ജീവിക്കുന്നത്. വ്യാപകമായി കൃഷി നശിപ്പിക്കുന്നതും കർഷകരെ ആക്രമിക്കുന്നതും തുടരുകയാണ്. വനത്തിൽ നിന്ന് നാട്ടിൻ പുറങ്ങളിലിറങ്ങുന്ന പന്നികൾ ജനവാസ മേഖലകളിലെ തോട്ടങ്ങളും പൊന്തക്കാടുകളും താവളമാക്കുകയാണ്. അരുവാപ്പുലം പഞ്ചായത്തിലെ തോപ്പിൽ കോളനിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ റേഞ്ച് ഓഫീസർ ജെ.സി. സലിൻ ജോസ് വെടിവച്ച് കൊല്ലുകയായിരുന്നു. മനുഷ്യർക്ക് ഭീഷണിയാവുന്നതും കൃഷി നശിപ്പിക്കുന്നതുമായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് ഇറങ്ങിയത് 2014 ൽ ആയിരുന്നു. എന്നാൽ പ്രായോഗിക ബുദ്ധിമുട്ടുമൂലം നടപ്പാക്കാനായില്ല. വെടിവയ്ക്കാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനു മാത്രമായിരുന്നു അധികാരം. 2019 ൽ ഇത് ഭേദഗതി ചെയ്തു, അതോടെ ഉത്തരവിടാൻ ഡി.എഫ്.ഒ മാർക്ക് അധികാരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോന്നി ഡി.എഫ്.ഒ കെ.എൻ.ശ്യാം മോഹൻലാൽ വെടിവയ്ക്കാനുള്ള ഉത്തരവിറക്കിയത്.

അരുവാപ്പുലം പമ്പാ റബ്ബർ ഫാക്ടറിയുടെ സമീപത്തും തേക്കുത്തോട്ടം ഭാഗത്തും നിരവധി പേരെ കാട്ടുപന്നികൾ ആക്രമിച്ചിരുന്നു. പകൽ സമയത്ത് പോലും റബ്ബർ തോട്ടങ്ങളിലൂടെ ഒറ്റയായും കൂട്ടമായും പായുന്ന കാട്ടുപന്നികളെ കാണാം. സന്ധ്യമയങ്ങുന്നതോടെയാണ് കാർഷിക വിളകൾ നശിപ്പിക്കുന്നത്. മേയിൽ അരുവാപ്പുലത്ത് ഉത്തരവ് നടപ്പാക്കിയതിലൂടെ മറ്റ് പ്രദേശങ്ങളിലും പന്നികളെ വെടിവയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് പിന്നീട് നിരാശയായിരുന്നു ഫലം.