കോന്നി : അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഊട്ടുപാറ പുത്തൻപുരയിൽ ജയസേനന്റെ മകൻ ആകാശ് (16) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.15 ഓടെ കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷന് സമീപം വള്ളക്കടവിലായിരുന്നു സംഭവം. രണ്ട് സുഹൃത്തുകൾക്കൊപ്പം കുളിക്കുന്നതിനിടെ ആകാശ് കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസി ആറ്റിൽച്ചാടി ആകാശിനെ കരയ്ക്കെത്തിച്ച ശേഷം കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ളസ് വൺ പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു.. മാതാവ് : സ്വപ്ന. സഹോദരൻ : ആദർശ്. കോന്നി പൊലീസ് കേസെടുത്തു.