അടൂർ : കനത്ത മഴപെയ്താൽ സെൻട്രൽ ജംഗ്ഷൻ മുങ്ങുന്ന ദുരവസ്ഥയ്ക്ക് എന്നുപരിഹാരമാകും.? ഏറെ നാളായി ഉയരുന്ന ചോദ്യമാണിത്. ഓരോ കാലവർഷത്തിലും കടകളിൽ വെള്ളം കയറി സാധനങ്ങൾ നശിക്കുന്ന വ്യാപാരികളുടെ ദുരിതത്തിന് ഇനിയും അറുതിയായില്ല. ബുധനാഴ്ച വൈകിട്ട് രണ്ട് മണിക്കൂറിലേറെപെയ്ത മഴയിൽ സെൻട്രൽ ജംഗ്ഷൻ പൂർണമായും മുങ്ങിയെന്ന് മാത്രമല്ല, മണിക്കൂറോളം ഇരുചക്ര,-മുച്ചക്ര വാഹന ഗതാഗതവും മുടങ്ങി.തുള്ളിക്കൊരുകുടം കണക്കേ തിമിർത്ത് പെയ്തമഴയിൽ മുങ്ങിയത് സെൻട്രൽ ജംഗ്ഷനാണ്. കാൽനട യാത്രക്കാരും, ഇരു ചക്രവാഹന യാത്രികരും റോഡിൽ കുടുങ്ങി. എൻജിനിൽ വെള്ളം കയറി ഓട്ടോറിക്ഷകൾ നിശ്ചലമായി. കെ.പി റോഡിൽ കിഴക്ക് പഴയ കരിക്കിനേത്ത് ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷനിലെ രണ്ടു ഡസനോളം കടകളിൽ വെള്ളം കയറി.പല കച്ചവടക്കാരും രാവിലെയാണ് അറിഞ്ഞത്. ചന്ദനപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ നിയന്ത്രണത്തിൽ കരിക്കിനേത്തിന് സമീപമുള്ള മെഡിക്കൽ സ്റ്റോറിൽ ഓർക്കാപ്പുറത്ത് കയറിയ വെള്ളത്തിൽ ഉണ്ടായ നഷ്ടം ഏറെ വലുതാണ്.

വെള്ളക്കെട്ട് ഒഴിവാക്കണമെന്നുള്ളത് വർഷങ്ങളായുള്ള ആവശ്യം

സെൻട്രൽ ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന ആവശ്യം വർഷങ്ങളുടെ പഴക്കമുണ്ട്.വലിയതോട്ടിലേക്കുള്ള നീർച്ചാലുകൾ അടഞ്ഞതോടെയാണ് ഇവിടെ വെള്ളക്കെട്ടും രൂപം കൊണ്ടത്. ഇതിന് പരിഹാരമായി ഭീമ ജംഗ്ഷൻ മുതൽ ഓടകളുടെ നിർമ്മാണം നടന്നു വരികയാണ്.കരാറുകാരുടെ മെല്ലപ്പോക്ക് കാരണം പണി ഇഴഞ്ഞു നീങ്ങുകയാണ്. ഇതാണ് ഇന്നലെ കൂടുതൽ കടകളിലേക്ക് വെള്ളം കയറാൻ ഇടയാക്കിയത്.അടൂരിലെ ഇരട്ടപാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പദ്ധതിയിലാണ് ഓടകളുടെ നിർമ്മാണവും ഉൾപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ആറ് മാസത്തിലേറെയായി നടക്കുന്ന നിർമ്മാണ പ്രവർത്തനം കരാറുകാരന്റെ അനാസ്ഥ കാരണം ഒച്ചിഴയും വേഗത്തിലാണ്.

പാലം നിർമ്മാണവും പൂർത്തിയായില്ല

അടൂർ നഗരത്തിലെ രണ്ട് ഇരട്ടപ്പാല നിർമ്മാണം 30 ശതമാനം മാത്രമാണ് പൂർത്തിയായത്. 2019 ഡിസംബറിൽ തീർക്കേണ്ട നിർമ്മാണ പ്രവർത്തനം ഇനിയും എങ്ങുമെത്തിയില്. പലകാരണങ്ങൾ ചൂണ്ടിക്കാട്ടി 2020 ജൂൺ വരെ നീട്ടിയെടുത്തു. ഇപ്പോൾ പറയുന്നത് കൊവിഡിന്റെയും തൊഴിലാളികളുടേയും അപര്യാപ്തയാണ്.

ഓടനിർമ്മാണം അനിശ്ചിതമായി നീളുന്നതാണ് നിലവിലെ പ്രതിസന്ധി. ഇതിന് എന്നു പരിഹാരം കാണുമെന്നതിൽ വ്യക്തയില്ല. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും ഒത്തുകളിയാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് അടിയന്തര പരിഹാരം ഉണ്ടാകണം.

വേണുഗോപാൽ.

(വ്യാപാരി)