ചെങ്ങന്നൂർ : ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന് ചെങ്ങന്നൂർ നഗരസഭാ ചെയർമാന്റെ പരാതി.

നഗരസഭയുടെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ക്രിസ്ത്യൻ കോളേജിൽ ഇന്നലെവരെ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികൾ134 പേരാണ്. പ്രവർത്തനം ആരംഭിച്ച ആഗസ്റ്റ് 18 നുശേഷം നഗരസഭാ പ്രദേശത്ത് രോഗം സ്ഥിരീകരിച്ച 30 പേർ നഗരസഭയ്ക്ക് പുറത്തെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലാണ്.ഫലം പോസിറ്റീവായ നഗരസഭയിലെ ഒരാൾക്കുപോലും സെന്ററിൽ പ്രവേശിക്കാനായില്ല. ഇതുസംബന്ധിച്ച് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ജില്ലാകളക്ടർക്കും ഡിഎംഒയ്ക്കും പരാതി നൽകി. നഗരസഭാ പ്രദേശത്ത് രോഗം സ്ഥിരീകരിച്ചവർ തൊട്ടടുത്ത് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഉള്ളപ്പോൾ ഒന്നര ദിവസത്തിലേറെ രോഗമില്ലാത്തവരോടൊപ്പം വീടുകളിൽ കഴിയേണ്ട അവസ്ഥയാണ്.നഗരസഭാ പ്രദേശത്ത് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ തുടർ നടപടികൾ പൂർത്തിയാക്കി കൺട്രോൾറൂമിൽ നിന്ന് ആംബുലൻസ് എത്തിച്ച് രോഗിയെ സെന്ററുകളിലേക്ക് മാറ്റാൻ കാലതാമസം ഉണ്ടാകുന്നതും പതിവാണ്.രോഗം ബാധിച്ചവരുടെ വിവരം നഗരസഭയെ അറിയിച്ചാൽ പരമാവധി അരമണിക്കൂറിനുള്ളിൽ രോഗിയെ നഗരസഭയുടെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റാൻ കഴിയും. ഇതിനായി ആംബുലൻസ് അനുവദിക്കണമെന്നും ചെയർമാൻ പറഞ്ഞു.മെച്ചപ്പെട്ട സൗകര്യം ഒരുക്കിയതിനാൽ 100 കിടക്കകൾ കൂടി സജ്ജീകരിക്കാൻ ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഒരാൾക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചാൽ അവിടെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഉണ്ടെങ്കിൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് അവരെ സെന്ററിലേക്ക് മാറ്റുന്നതിനുള്ള അധികാരം നൽകണമെന്നും ചെയർമാൻ കെ.ഷിബുരാജൻ നൽകിയ പരാതിയിൽ പറയുന്നു.