പത്തനംതിട്ട : കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ ശോഭയാത്രകൾ ഒഴിവാക്കി ജന്മാഷ്ടമി വിപുലമായി ആഘോഷിക്കുവാൻ ബാലഗോകുലം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന സമിതിയുടെ നിർദ്ദേശാനുസരണം മഹാശോഭയാത്രകൾ ഒഴിവാക്കി ജില്ലയിലെ മുഴുവൻ ഹൈന്ദവ ഭവനങ്ങളിലും വിപുലമായ രീതിയിൽ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നതാണ്.'വീടൊരുക്കാം, വീണ്ടെടുക്കാം,വിശ്വശാന്തിയേകാം,' എന്ന സന്ദേശമാണ് ഈ വർഷം ബാലഗോകുലം മുന്നോട്ടു വയ്ക്കുന്നത്. ഇന്ന് ജില്ലയിൽ ആറു താലൂക്കുകളിലായി 600 സ്ഥലങ്ങളിൽ പതാകദിനം ആചരിക്കും. അതൊടൊപ്പം എല്ലാ ഹിന്ദു ഭവനങ്ങളിലും ഗോകുല പതാക ഉയർത്തുകയും കൃഷ്ണകുടീരം നിർമ്മിക്കുകയും ചെയ്യും. 10വരെ താലൂക്കുകൾ കേന്ദ്രീകരിച്ച് ശ്രീകൃഷ്ണലീലാ കലോത്സവവും ഗോപൂജയും, ഗോപാലവന്ദനവും ഓൺലൈൻ സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിക്കും. ശ്രീകൃഷ്ണജയന്തി ദിവസം വീടുകളിൽ, കൃഷ്ണ രാധ വേഷങ്ങൾ കെട്ടി കുട്ടികൾക്ക് പാരമ്പര്യവേഷം ധരിച്ച അച്ഛനമ്മമാരുടെ മടിയിൽ ഇരുത്തി ഉച്ചയ്ക്ക് കൃഷ്ണനൂട്ട് നടത്തും. വിപുലമായ ആഘോഷ നടത്തിപ്പിനായി ജില്ലാ സംയോജകൻ ആർ.ശരവൺ,പ്രചരണ വിഭാഗം രവീന്ദ്രവർമ്മ അംബാനിലയം,സുരേഷ് കുമാർ കലഞ്ഞൂർ,സാങ്കേതിക വിഭാഗം ഡി.അമ്പിളി, വത്സലാകുമാരി,കലോത്സവ പ്രമുഖ്, ശ്രീജിത്ത് എസ്.,റാണി ജഗീഷ്, വ്യവസ്ഥാ പ്രമുഖ്, കൃഷ്ണ കുമാർ, കോന്നി, ഗോപിനാഥൻ നായർ എന്നിവരെ തെരഞ്ഞെടുത്തതായി ജില്ലാ അദ്ധ്യക്ഷൻ രവീന്ദ്രവർമ്മ അംബാനിലയം ജില്ലാ കാര്യദർശി ശരവൺ ആർ.എന്നിവർ അറിയിച്ചു.