കടമ്പനാട് : "മറ്റുള്ളവർക്ക് വെളിച്ചം പകരാൻ സ്വയം ഉരുകിയെരിയുന്ന മെഴുകുതിരിയാകണം അദ്ധ്യാപകർ " എന്ന ഡോ .എസ്. രാധാകൃഷ്ണന്റെ ആപ്തവാക്യത്തെ അക്ഷരംപ്രതി പാലിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾകൊണ്ട് അദ്ധ്യാപകവൃത്തിയിൽ ശ്രദ്ധേയനായ വ്യക്തിയാണ് വി.എൻ.സദാശിവൻപിള്ള. ദേശീയ അദ്ധ്യാപക അവാർഡ്, സംസ്ഥാന അദ്ധ്യാപക അവാർഡ്, ഗുരുശ്രേഷ്ഠ അദ്ധ്യാപക പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയ ഇദ്ദേഹം ഇപ്പോൾ ഏഴംകുളം ഗവ എൽ പി സ്കൂളിലെ പ്രഥമാദ്ധ്യാപകനാണ് . ഇവിടെയും വ്യത്യസ്തമായ പ്രവർത്തനങ്ങൾകൊണ്ട് വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും പ്രിയങ്കനായിരിക്കുകയാണ് ഈ അദ്ധ്യാപകൻ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് സർക്കാർതലത്തിൽ തീരുമാനമാകുന്നതിന് മുൻപേ "സ്കൂൾ സമൂഹത്തിലേക്ക് സമൂഹം സ്കൂളിലേക്ക്" എന്ന സന്ദേശമുയർത്തി പദ്ധതികൾ നടപ്പിലാക്കി. സ്കൂൾ വികസന പദ്ധതികളിൽ പി റ്റി എ കമ്മറ്റികൾക്കപ്പുറത്ത് പൂർവവിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പൂർവഅദ്ധ്യാപകരുടെയും സഹകരണം ഉറപ്പുവരുത്തിയപ്പോൾ സ്കൂൾ വികസനത്തിന് പുതിയമാനങ്ങൾ കൈവന്നു. അൺ എയ്ഡഡ് സ്കൂളിലേക്ക് വിട്ട കുട്ടികളെപ്പോലും രക്ഷാകർത്താക്കൾ സർക്കാർ സ്കൂളിലേക്കെത്തിച്ചു. നാടിന്റെ ചരിത്രം,വർത്തമാനം തുടങ്ങിയവയെല്ലാം വിദ്യാർത്ഥികളിലേക്കെത്താൻ അടച്ചിട്ട ക്ലാസ് മുറിയിലെ വിദ്യാഭ്യാസംപോരാ എന്നുള്ള കാഴ്ചപ്പാടിൽ നാടിന്റെ ചരിത്രം തിരഞ്ഞ് കുട്ടികളെ കഥാപാത്രങ്ങളാക്കി ഡോക്യുമെന്ററികൾ, പാഠഭാഗങ്ങൾ പറഞ്ഞ് പഠിപ്പിക്കുന്നതിനപ്പുറത്ത് കുട്ടികളുടെ മനസിൽ ആഴത്തിൽ പതിയുന്നതിനും അവരെ അതിലേക്ക് നയിക്കുന്നതിനും വേണ്ടി പാഠഭാഗങ്ങളെ ആസ്പദമാക്കി വിദ്യാർത്ഥികൾ അഭിനയിക്കുന്ന ഷോർട് ഫിലിമുകൾ- ഇങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെയാണ് സദാശിവൻപിള്ളയുടെ അദ്ധ്യാപകജീവിതം സാർത്ഥകമാകുന്നത് . ഏഴംകുളം ഗവ എൽ പി സ്കൂളിൽ നടപ്പിലാക്കിയ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനമാണ് ഏഴംകുളം മധുരവാണി. ടെലിവിഷന്റെ അതിപ്രസരത്തിൽ പുതുതലമുറയ്ക്ക് അന്യമാകുന്ന റേഡിയോ പരിപാടികളെ പറ്റി കുട്ടികൾക്ക് അവബോധം ഉണ്ടാക്കുന്നതിനുവേണ്ടിയാണ് ഈ പരിപാടി നടപ്പിലാക്കിയത് . വാർത്തവായന, അഭിമുഖം,ക്വിസ് , ചലച്ചിത്രഗാനം എന്നിവ സ്കൂൾ റേഡിയോ നിലയത്തിലൂടെ വിദ്യാർത്ഥികളിലേക്കെത്തും. കാലത്തിനനുസരിച്ച് എല്ലാം മാറുമ്പോൾ മാറ്റത്തെ സമ്പൂർണമായി ഉൾക്കൊള്ളാനും സ്വാംശീകരിക്കാനുമുള്ള പഠനവും പ്രവർത്തനങ്ങളുമാണ് താൻ നടത്തുന്നതെന്ന് സദാശിവൻപിള്ള പറയുന്നു.