ഇളമണ്ണൂർ: ഏനാദിമംഗലം പഞ്ചായത്തിൽ പൊലീസ് എയ്ഡ് പോസ്റ്റെങ്കിലും വേണമെന്ന് പ്രദേശവാസികൾ ആവശ്യപെടുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നിലവിൽ അടൂർ പൊലീസ് സ്‌റ്റേഷന്റെയും ഏനാത്ത് പൊലീസ് സ്‌റ്റേഷന്റെയും അതിർത്തി പ്രദേശത്താണ് ഏനാദിമംഗലം പഞ്ചായത്ത്. അപകടമോ ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടായാൽ പൊലീസിന് ഇവിടേക്ക് എത്താൻ മണിക്കൂറുകൾ എടുക്കും. പത്തനാപുരം- കൂടൽ പൊലീസ് സ്റ്റേഷനുകൾ സമീപത്തുണ്ടെങ്കിലും വളരെ ദൂരെയായി നിലകൊള്ളുന്ന അടൂർ,ഏനാത്ത് സ്‌റ്റേഷനുകളുടെ പരിധിയിലാണ് ഈ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ.

4 പൊലീസ് സ്റ്റേഷന്റെ അതിർത്തി

നിലവിൽ നാലോളം പൊലീസ് സ്‌റ്റേഷനുകളുടെ അതിർത്തി പങ്കിടുന്നതാണ് ഏനാദിമംഗലം. പഞ്ചായത്തിലെ കുറുമ്പകര, കുന്നിട, ചായലോട്, പ്രദേശങ്ങൾ ഏനാത്ത് പൊലീസ് സ്‌റ്റേഷന്റെ പരിധിയിലും, പൂതംങ്കര, ഇളമണ്ണൂർ, മാവിള, ചാങ്കൂർ,പുതുവൽ,കടമാൻകുഴി,മങ്ങാട്, മരുതിമൂട് ചാപ്പാലിൽ പ്രദേശങ്ങൾ അടൂർ പൊലീസ് സ്‌റ്റേഷന്റെ പരിധിയിലുമാണ്. കൃത്യമായ സമയത്ത് പൊലീസ് അധികാരികൾക്ക് കാര്യക്ഷമമായി പ്രശ്നങ്ങളിൽ ഇടപെടാനോ നൈറ്റ് പെട്രോളിംഗ് ഉൾപ്പെടെ കാര്യക്ഷമമാക്കുവാനോ സാധിക്കുന്നില്ല.

ഈ പ്രശ്നങ്ങൾ ചൂണ്ടി കാട്ടി നിരവധി നിവേദനങ്ങളും പരാതികളും നൽകിയിട്ട് വർഷങ്ങൾ ഏറെയായിട്ടും മാറി വന്ന ഭരണകർത്താക്കൾ ഈ ആവശ്യം മുഖവിലക്ക് ഏടുത്തിട്ടില്ല

രതീഷ്

(പ്രദേശവാസി)

അടൂർ സ്റ്റേഷൻ 15 കി.മീ അകലെ

ഏനാത്ത് സ്റ്റേഷൻ 13 കി.മി റ്റർ അകലെ