പത്തനംതിട്ട: കേന്ദ്രസർക്കാർ നടപ്പാക്കാനൊരുങ്ങുന്ന ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തെ കോർപ്പറേറ്റ് കച്ചവട ശക്തികൾക്ക് അടിയറവെക്കുന്നതാണെന്നും മതനിരപേക്ഷത അട്ടിമറിക്കുന്നതാണെന്നും എ.കെ.എസ്.ടി.യു പത്തനംതിട്ട ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. നയത്തിലൂടെ നീളം വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യ, മതേതര, ഫെഡറൽ മൂല്യങ്ങൾ തകർക്കുന്ന നിർദ്ദേശങ്ങളാണുള്ളത്. വിദ്യാഭ്യാസനയത്തിലെ പ്രതിലോമ നിർദേശങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ അദ്ധ്യാപക ദിനത്തിൽ വൈകിട്ട് വീടുകളിൽ ഇന്ത്യൻ വിദ്യാഭ്യാസത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ജ്വാല തെളിയിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാറും ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണനും അറിയിച്ചതനുസരിച്ച് ജില്ലാ കമ്മിറ്റി അദ്ധ്യാപക ജ്വാല വൻ വിജയമാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ സുശീൽ കുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എസ് ജീമോൻ, സെക്രട്ടറിയേറ്റ് അംഗം സി. മോഹനൻ, സംസ്ഥാനകമ്മിറ്റി അംഗം കെ.എ തൻസീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.സി ശ്രീകുമാർ ,തോമസ് എം. ഡേവിഡ്, സതീഷ് കുമാർ, റെജി മലയാലപ്പുഴ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.