പത്തനംതിട്ട : പന്തളം നഗരസഭയിലുള്ള മാവരപുഞ്ച നീർച്ചോലയിൽ കുന്നു കൂടിയ മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. നടപടി സ്വീകരിച്ച ശേഷം നാലാഴ്ചക്കകം പന്തളം നഗരസഭാ സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകി.
തുമ്പമൺ പഞ്ചായത്തിലെ പെരന്തോട്ടിൽ നിന്ന് ആരംഭിച്ച് പന്തളം കൃഷി ഭവന് സമീപത്തിലൂടെ കടന്നപോകുന്ന തോടിന്റെ നീരൊഴുക്ക് പൂർണമായും തടസ്സപ്പെട്ടതായി ആരോപിച്ച് പന്തളം കടയ്ക്കാട് സ്വദേശി അക്ബർ അലി സമർപ്പിച്ച പരാതിയിലാണ് നടപടി. കമ്മിഷൻ നഗരസഭാ സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഹരിതകേരളം മിഷനുമായി ചേർന്ന് മാലിന്യം നീക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സെക്രട്ടറിയുടെ വിശദീകരണം തീർത്തും തെറ്റാണെന്നും അധികൃതരെ ബോധ്യപ്പെടുത്താൻ ഇത്തരം റിപ്പോർട്ടുകൾ സമർപ്പിക്കുന്നതല്ലാതെ യാതൊരു നടപടിയും സ്വീകരിക്കാറില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടും പരാതിക്കാരൻ കമ്മിഷനിൽ സമർപ്പിച്ചു.
പരിസ്ഥിതി മലിനീകരണത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് നന്നായി അറിയാവുന്ന നഗരസഭ ഇത്തരം വിഷയങ്ങളെ ലാഘവത്തോടെ സമീപിക്കുന്നതായി കമ്മിഷൻ വിലയിരുത്തി. സുഗുമായ നീരൊഴുക്കില്ലെങ്കിൽ രോഗം പടരാൻ സാധ്യതയുണ്ടെന്ന് ഉത്തരവിൽ പറയുന്നു. നഗരസഭാ സെക്രട്ടറിയുടെ നടപടി റിപ്പോർട്ട് ലഭിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കും.