അടൂർ : കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി രണ്ട് സംഘടനകൾ മാതൃകയായി. പലയിടത്തും മരിക്കുന്നവരുടെ വീടിന്റെ പരിസരത്തുള്ളവർ പോലും കതകടച്ചും ഒരു പ്രദേശമാകെ ഹർത്താൽ പ്രതീതി സൃഷ്ടിച്ചും കഴിയുമ്പോഴാണ് അടൂർ മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റിയും എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ 316-ാം നമ്പർ വടക്കടത്തുകാവ് ശാഖയും വേറിട്ടു നിൽക്കുന്നത്. വടക്കടത്തുകാവ് ശാഖാംഗമായ ചൂരക്കോട് ചാത്തന്നൂപ്പുഴ രവി ഭവനിൽ രവീന്ദ്രനാണ് കൊവിഡ് ബാധിച്ച് മരിച്ചവരിൽ ഒരാൾ.

ഹൃദ്രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ പരുമലയിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കൊവിഡ് മാനദണ്ഡപ്രകാരം വീട്ടിലെത്തിച്ച മൃതദേഹം ചിതയിലേക്ക് ഇറക്കിവച്ചശേഷം ശാഖാ വൈസ് പ്രസിഡന്റ് അജി കളയ്ക്കാട്, സെക്രട്ടറി വിജയൻ എന്നിവർ ആചാര പ്രകാരം മൃതദേഹത്തിൽ ശാഖയുടെ കോടി സമർപ്പിച്ചു. തുടർന്ന് മക്കളേയും ചെറുമകളേയും കൊണ്ട് മൃതദേഹത്തിൽ പുഷ്പം അർപ്പിച്ച് നമസ്ക്കരിക്കുന്നതിനും അവസരം ഒരുക്കി. ബന്ധുക്കൾ ഉൾപ്പെടുന്ന അയൽവാസികൾ വീടിന് പുറത്തിറങ്ങാതെ ഭയപ്പെട്ടിരുന്ന സമയത്താണ് ശാഖാ ഭാരവാഹികളും ആരോഗ്യ പ്രവർത്തകരും ചേർന്ന് മൃതദേഹം സംസ്കരിച്ചത്.

അടൂർ കണ്ണംകോട് പള്ളിയിലെ ട്രസ്റ്റിയായ പന്നിവിഴ മുകളും പ്ലാവിൽ മോൻസി ചെറിയാന്റെ പിതാവ് ചെറിയാനാണ് മരിച്ച മറ്റൊരാൾ. മരണശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പരിചരണത്തിനായി ഒപ്പം ഉണ്ടായിരുന്ന മകൻ ക്വാറന്റൈനിൽ പോകേണ്ടി വന്നു. മരണാനന്തര ചടങ്ങുകൾക്ക് മറ്റുള്ളവർ അറച്ചു നിന്നപ്പോഴാണ് പള്ളിയുടെ മുൻ ട്രസ്റ്റിയായ ബാബു കുളത്തൂർ സഹായ അഭ്യർത്ഥനയുമാമി മദർതെരേസ സൊസൈറ്റി രക്ഷധികാരി കെ. പി ഉദയഭാനുവിനെ ബന്ധപ്പെടുന്നത്. ഉടൻതന്നെ ഡി. വൈ. എഫ്. ഐയുടേയും മദർ തെരേസാ സൊസൈറ്റിയുടെയും ഭാരവാഹികളായ ബി.നിസാം ,അഡ്വ.എസ്. ഷാജഹാൻ ,അഖിൽ ,മുഹമ്മദ് അനസ്, അഫ്സൽ എന്നിവരുടെ നേതൃത്വത്തിൽ മരണാനന്തര ചടങ്ങുകൾക്ക് വേണ്ട ഇടപെടലുകൾ നടത്തിയത്.