പത്തനംതിട്ട : ആരോഗ്യമുള്ള പുലരികളിലേക്ക് കൈപിടിച്ച് നടത്താൻ ഒളിമ്പിക് വേവ് ഒരുക്കി കേരള ഒളിമ്പിക് അസോസിയേഷൻ. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തൊട്ടാകെ രണ്ട് ലക്ഷം പേരേയെങ്കിലും പങ്കാളികളാക്കാനാണ് ലക്ഷ്യം. ദിനചര്യയുടെ ഭാഗമായി വ്യായാമങ്ങൾ എങ്ങനെ ചെയ്യാമെന്ന് ബോധവൽക്കരിക്കുകയും, വ്യായാമം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രാദേശികമായി സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുന്നതാണ് പദ്ധതി. സംസ്ഥാനതലത്തിൽ ഒരു മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തും. ജില്ലാ ഒളിമ്പിക് അസോസിയേഷനാണ് ജില്ലയുടെ നേതൃത്വം.വാക്കിംഗ് ക്ലബുകൾക്കും വ്യക്തികൾക്കും പദ്ധതിയുടെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷനുകളിൽ രജിസ്റ്റർ ചെയ്യാം. ക്ലബുകൾക്ക് 250 രൂപയും, വ്യക്തികൾക്ക് 100 രൂപയുമാണ് വാർഷിക രജിസ്‌ട്രേഷൻ ഫീസ്. പദ്ധതിയുടെ ഭാഗമാകുന്നവർക്ക് രാവിലെ അഞ്ചു മുതൽ വ്യായാമത്തിനും പരിശീലനത്തിനുമുള്ള സൗകര്യം ഒരുക്കും.ശാരീരിക, മാനസിക, സാമൂഹിക തലങ്ങളിൽ ആരോഗ്യനിലവാരം ഉയർത്താനാണ് ശ്രമം. കുട്ടികൾക്കടക്കം പദ്ധതിയിൽ അംഗങ്ങളാകാം.താല്പര്യമുള്ളവർ 6235475708 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ജില്ലാ ചെയർമാൻ അഡ്വ.കെ.പ്രകാശ് ബാബു, കൺവീനർ ആർ.പ്രസന്നകുമാർ എന്നിവർ അറിയിച്ചു.