പത്തനംതിട്ട : വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച പി.പി. മത്തായിയുടെ കൊലയാളികളെ ശിക്ഷിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് മത്തായിയുടെ ഭാര്യ ഷീബ പറഞ്ഞു. കുഞ്ഞുങ്ങളുടെ മുമ്പിൽ നിന്നാണ് വനപാലകർ മത്തായിയെ പിടിച്ചു കൊണ്ടുപോയത്. ഇപ്പോഴും ആ കാഴ്ച അവരെ ഭയപ്പെടുത്തുന്നുണ്ട്. ലോകത്ത് ഒരു കുടുംബത്തിനും ഈ ഗതി വരരുത് . ആദ്യം തളർന്നു പോയി. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.
ഇത്രയും ശക്തിയൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ അച്ചാച്ചനും ദൈവവും കൂടെയുണ്ട്. ആദ്യം മുതലേ സംശയം തോന്നിയിരുന്നു. പിന്നീട് എന്തുവന്നാലും പുറകോട്ട് പോവില്ലെന്ന് തീരുമാനിക്കുകയായിരുന്നു. നീതിക്കായി ഏതറ്റം വരെയും പോകും. ഒൻപത് വർഷമായി അദ്ദേഹത്തിനൊപ്പം ജീവിക്കുന്നു. അടുത്തവർഷം പത്താം വർഷത്തിലേക്ക് എത്തുകയാണ്. ഒരു കുടുംബത്തിനും ഈ ഗതി വരരുതെന്നാണ് ആഗ്രഹം.നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. റീ പോസ്റ്റുമോർട്ടത്തിൽ കൂടുതൽ പരിക്കുകൾ റിപ്പോർട്ട് ചെയ്തതായി അറിഞ്ഞു. അന്വേഷണത്തിൽ വിശ്വാസമുണ്ട്.