vallamkali
ആറന്മുളയിൽ നടന്ന പ്രതീകാത്മക വള്ളംകളി

ആറൻമുള : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പമ്പയുടെ നെട്ടായത്തിൽ ആചാരമായി ആറന്മുള ഉത്രട്ടാതി ജലോത്സവം നടന്നു. കരക്കാരുടെ മനസിൽ ആശ്വാസത്തിന്റെ തുഴയെറിഞ്ഞ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രക്കടവിലെത്തിയ ളാക ഇടയാറന്മുള പള്ളിയോടത്തിന് ആചാരപരമായ സ്വീകരണം നൽകി. ഒരു പള്ളിയോടം മാത്രമാണ് പങ്കെടുത്തത്. രാവിലെ 10.15 ന് പാർത്ഥസാരഥി ക്ഷേത്രക്കടവിലെത്തിയ പള്ളിയോടത്തിന്റെ കരനാഥന്മാർ തിരുവോണത്തോണിയെ സാക്ഷിയാക്കി വെറ്റപുകയിലയും അവിൽപ്പൊതിയും മാലയും കളഭവും ഏറ്റുവാങ്ങി. പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാർ കൃഷ്ണവേണി സെക്രട്ടറി പി.ആർ.രാധാകൃഷ്ണൻ, ട്രഷറർ സഞ്ജീവ് കുമാർ, വൈസ് പ്രസിഡന്റ് സുരേഷ് ജി. വെൺപാല എന്നിവരാണ് വെറ്റപുകയിലയും അവിൽപ്പൊതിയും മാലയും കളഭവും സമർപ്പിച്ചത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എൻ.വിജയകുമാർ, കെ.ജി.രവി, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, കൊച്ചിൻ ഷിപ്പ്യാർഡ് ഡയറക്ടർ ബോർഡ് അംഗം ബി. രാധാകൃഷ്ണമേനോൻ, ദേവസ്വം അസിസ്റ്റൻഡ് കമ്മിഷണർ എസ്. അജിത് കുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.ബി. ഹരിദാസ്, കോയിപ്രം ബ്ലോക്ക് പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
സ്വീകരണത്തിന് ശേഷം പാർത്ഥസാരഥി ക്ഷേത്രക്കടവിന് സമീപം ളാക ഇടയാറന്മുള പള്ളിയോടം ചവിട്ടിത്തിരിക്കൽ ഉൾപ്പെടെയുള്ള പ്രകടനം കാഴ്ചവച്ചു. നിയന്ത്രണങ്ങൾ പാലിച്ച് പള്ളിയോടത്തിന് പഴക്കുല സമർപ്പിക്കാനും അവിൽപ്പൊതി സമർപ്പിക്കാനും ഏതാനും ഭക്തർ എത്തിയിരുന്നു.
അൻപത്തിരണ്ട് പള്ളിയോടങ്ങൾ പമ്പയുടെ നെട്ടായത്തിൽ ഉത്രട്ടാതി വള്ളംകളിക്ക് അണിനിരക്കുന്നത് കാത്തിരുന്ന കരക്കാർക്ക് കൊവിഡ് കാരണം ഒരു പള്ളിയോടം പോലും ഇറക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നു.
ഉത്രട്ടാതി വള്ളംകളിക്ക് പടിഞ്ഞാറൻമേഖലയിൽ നിന്നുളള കരക്കാരാണ് ളാക ഇടയാറന്മുള പള്ളിയോടത്തിലെ കരക്കാർക്കൊപ്പം പങ്കെടുത്തത്. 10 ന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് മദ്ധ്യമേഖലയിൽ നിന്നുള്ള കരക്കാരാണ് പങ്കെടുക്കുന്നത്.

കാണികൾക്ക് ആവേശമായി ചെറുവള്ളങ്ങൾ

രണ്ട് പേരും മൂന്നുപേരും മാത്രം കയറുന്ന ചെറുവള്ളങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജലോത്സവത്തിൽ പങ്കാളികളായി. ക്ഷേത്രക്കടവിൽ നിന്ന് പഴക്കുലകളും അവിൽപ്പൊതിയും മറ്റും ളാക ഇടയാറന്മുള പള്ളിയോടത്തിലേക്ക് എത്തിച്ച് നൽകാനും ചെറുവള്ളങ്ങൾ സഹായിച്ചു.

സുരക്ഷക്കായി ബോട്ടുകൾ

സുരക്ഷയ്ക്കായി പള്ളിയോട സേവാസംഘം യമഹാ വള്ളങ്ങളും സ്പീഡ് ബോട്ടും ഏർപ്പെടുത്തിയിരുന്നു. ലൈഫ് ജാക്കറ്റ് ലൈഫ്‌ബോയി തുടങ്ങിയവയും സുരക്ഷയുടെ ഭാഗമായി കരുതിയിരുന്നു. പമ്പയിൽ ജലനിരപ്പ് തീരെ കുറവായതിനാൽ പള്ളിയോടത്തിന്റെ അടിത്തട്ട് ചെളിയിലുറച്ചാൽ വളരെ അപകട സാധ്യതയാണുള്ളത്. ചടങ്ങ് പൂർത്തിയാക്കി ളാകഇടയാറന്മുള പള്ളിയോടം രാവിലെ പതിനൊന്നോടെ മടങ്ങി.

തത്സമയ സംപ്രേഷണം കണ്ടത് ആയിരങ്ങൾ

ഉത്രട്ടാതി ജലോത്സവത്തിന്റെ ചടങ്ങുകൾ തത്സമയം കണ്ടത് ആയിരക്കണക്കിന് ആളുകളാണ്. ഫേസ്ബുക്കിലൂടെയും യുട്യൂബിലൂടെയും പള്ളിയോട സേവാസംഘം ഔദ്യോഗികമായി തത്സമയ സംപ്രേഷണം നടത്തിയിരുന്നു. ഇതുകൂടാതെ പള്ളിയോട പ്രേമികളുടെ ഫേസ് ബുക്ക് പേജുകൾ വഴിയും തത്സമയ സംപ്രേഷണം നടത്തി.

കർശന നിയന്ത്രണങ്ങൾ

പൊലീസിന്റെ നേതൃത്വത്തിൽ പമ്പയിലും കരയിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആഞ്ഞിലിമൂട് പാലത്തിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ജനങ്ങൾ കൂട്ടം കൂടുന്നത് തടയുന്നതിനായി ഇരുചക്ര വാഹനത്തിലും പൊലീസ് പട്രോളിംഗ് നടത്തി. പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലേക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ കിഴക്കേ ഗോപുരം മാത്രമാണ് തുറന്നു നൽകിയത്.