photo
ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോന്നി : ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോളനിയിൽ നടന്ന ചടങ്ങിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നുള്ള 1.57 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി ഒരുക്കുന്നത്.

അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സി.എൻജിനിയർ കെ.സന്തോഷ്, അസി.എക്‌സി.എൻജിനിയർ കെ.എ.ഗിരീഷ്, അസിസ്​റ്റന്റ് എൻജിനിയർ ജോൺസി ജോർജ്, ഫോറസ്​റ്റ് റേഞ്ച് ഓഫീസർ വി.ശരത്ചന്ദ്രൻ, ഡപ്യൂട്ടി റേഞ്ച് ഓഫീസർ കെ.സുദർശനൻ, ഗ്രാമ പഞ്ചായത്തംഗം പി.സിന്ധു,ട്രൈബൽ എക്സ്​റ്റൻഷൻ ഓഫീസർ പി.അജി, കോളനി മൂപ്പൻ അച്ചുതൻ തുടങ്ങിയവർ പ്രസംഗിച്ചു.

6.8 കിലോമീറ്റർ കേബിൾ സ്ഥാപിക്കും
6.8 കിലോമീ​റ്റർ കേബിൾ സ്ഥാപിച്ചാണ് കോളനിയിൽ വൈദ്യുതി എത്തിക്കുന്നത്. പിറവന്തൂർ പഞ്ചായത്തിലെ ചെമ്പനരുവി മുതൽ മൂഴി വരെ 1.8 കിലോമീ​റ്റർ ദൂരം ഓവർ ഹെഡ് എ.ബി.സി കേബിളാണ് സ്ഥാപിക്കുന്നത്. മൂഴി മുതൽ കോളനിയ്ക്ക് മറുകരയിൽ അച്ചൻകോവിൽ ആറിന്റെ തീരം വരെയുള്ള 5 കിലോമീ​റ്റർ ദൂരം അണ്ടർ ഗ്രൗണ്ട് കേബിൾ ആണ് സ്ഥാപിക്കുന്നത്.

33 ഗാർഹിക കണക്ഷനും 31 സ്ട്രീറ്റ് ലൈറ്റും

കോളനിയിൽ 33 ഗാർഹിക കണക്ഷനുകൾ നൽകും. കോളനിയ്ക്കുള്ളിൽ 31 സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കും. കൂടാതെ കോളനിയിലെ അംഗൻവാടിയ്ക്കും കണക്ഷൻ ലഭിക്കും.