പത്തനംതിട്ട: അദ്ധ്യാപക ദിനത്തിൽ വിശ്രമമില്ലാതെ കൊവിഡ് ഡ്യൂട്ടി ചെയ്ത് പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകർ. വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് സർക്കാർ ക്വാറന്റൈൻ സൗകര്യമൊരുക്കിയപ്പോൾ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായി സർക്കാർ ഉദ്യോഗസ്ഥരെയും അദ്ധ്യാപകരേയും നിയമിച്ചിരുന്നു. ഓൺലൈൻ ക്ലാസുകൾക്കിടയിലും ഇതിനകം ധാരാളം അദ്ധ്യാപകർ കൊവിഡ് ഡ്യൂട്ടി പൂർത്തിയാക്കി.
കൊവിഡ് സെന്ററുകളിൽ മതിയായ സുരക്ഷയും പ്രതിരോധ സംവിധാനങ്ങളും ഇല്ലാതെയാണ് ഓഫീസർമാരായി അദ്ധ്യാപകരെ നിയമിക്കുന്നത് എന്ന് പരാതിയുണ്ട്. രാത്രി സമയങ്ങളിൽ ഒറ്റയ്ക്ക് ജോലി ചെയ്യേണ്ടി വരുന്ന അദ്ധ്യാപികമാരുടെ ബുദ്ധിമുട്ടുകൾ ചെറുതല്ല. വോളന്റിയർമാർ ഇല്ലാത്ത സെന്ററുകളിൽ അന്തേവാസികൾക്ക് മൂന്നു നേരവും ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുക്കേണ്ടത് ഇവർ തന്നെയാണ്. അസമയങ്ങളിൽ അന്തേവാസികളെ എത്തിക്കുമ്പോൾ അവരുടെ അഡ്മിഷനടക്കമുള്ള സൗകര്യ ങ്ങൾ ഒരുക്കി കൊടുക്കേണ്ടതും ഇവരുടെ ചുമതലയാണ്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വന്നതിനാൽ അദ്ധ്യാപകർക്ക് കൊവിഡ് രോഗം പിടിപ്പെട്ട കേസുകളുമുണ്ട്. കൊവിഡ് സെന്ററുകളായ വലിയ ഹോട്ടലുകളിൽ ഒറ്റയ്ക്ക് ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന അദ്ധ്യാപികമാരുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരമായിട്ടില്ല.