അടുത്ത ജനുവരിയിൽ മത്തായിയുടെയും (പൊന്നു) ഷീബാമോളുടെയും പത്താം വിവാഹ വാർഷികമാണ്. കൈക്കുഞ്ഞുങ്ങളുമായി ജീവിതത്തിന്റെ ചവിട്ടുപടികൾ പാതിപോലും ചവിട്ടാതെ മത്തായി മണ്ണോട് ചേർന്നു. ഐസ്ക്രീം വാങ്ങാൻ പോയ പപ്പാ വരാത്തതെന്തെന്ന് ചോദിച്ച് മമ്മി ഷീബയോട് വഴക്ക് കൂടിയ നാല് വയസായ ഇളയമകൾ ഡോണ ഒന്നും അറിയുന്നില്ല. പപ്പ പോയിട്ടു വരും എന്നാണ് ആ ഇളംമനസ് ഇപ്പോഴും വിചാരിക്കുന്നത്. നാലാം ക്ളാസുകാരിയായ മൂത്ത മകൾ സോണയ്ക്ക് മനസിലായി പപ്പ ഇനി വരില്ലെന്ന്. ജൂലായ് 28ന് വൈകിട്ട് നാല് മണിയോടെ വനപാലകർ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോയ മത്തായി മണിക്കൂറുകൾക്കുള്ളിൽ കുടുംബവീടായ കുടപ്പനക്കുളത്തെ വീടിന്റെ കിണറ്റിൽ വീണ് മരിച്ചെന്ന് കേട്ട ഷീബാമോൾക്ക് നിയന്ത്രണം വിട്ടതാണ്. എന്റെ പൊന്നുച്ചായനെ നിങ്ങൾ കൊന്നതാണെന്ന് വനപാലകരെ നോക്കി അലറിക്കരഞ്ഞ ഷീബ നീതിയ്ക്കായുള്ള പോരാട്ടം അവിടെത്തുടങ്ങി.
39 ദിവസം മത്തായിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ച ഷീബ സംസ്ഥാനത്ത് നീതി തേടി നടത്തിയ സമരം അപൂർവ ചരിത്രമായി. ഏഴ് വനപാലകരെ സ്ഥലം മാറ്റിയും അതിൽ രണ്ട് പേരെ സസ്പെൻഡ് ചെയ്തും സമരത്തിൽ നിന്ന് ഷീബയെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങൾ വിലപ്പോയില്ല. സി.ബി.ഐ അന്വേഷണമെന്ന ഷീബയുടെ ആവശ്യം നീതിപീഠം അംഗീകരിച്ചു. മത്തായി വെള്ളത്തിൽ ശ്വാസം മുട്ടി മരിച്ചതാണെന്ന കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ പാേസ്റ്റുമോർട്ടം റിപ്പോർട്ടിലെ നിഗമനം വിശ്വസിക്കാതിരുന്ന ഷീബ സി.ബി.ഐയിൽ പ്രതീക്ഷയർപ്പിച്ചു. സി.ബി.ഐ നിർദേശപ്രകാരം മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്തപ്പോൾ മത്തായിയുടെ ശരീരത്തിൽ ഒടിവുകളും ചതവുകളും കണ്ടെത്തി. മത്തായിയെ വനപാലകർ കൊലപ്പെടുത്തിയതാണെന്ന ഷീബയുടെ സംശയത്തിന് ഇത് ബലമേകി. ഇനി സി.ബി.ഐയിലാണ് മത്തായിയുടെ കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷ.
നാട് ഒന്നിച്ച സമരം
ഷീബയുടെയും ഉറ്റവരുടെയും പോരാട്ടങ്ങൾക്ക് പിന്തുണയുമായി രാഷ്ട്രീയ നിറം നോക്കാതെയാണ് നാട് ഒന്നിച്ചത്. വനത്തിന്റെ പേരിലുള്ള നിയമാധികാരം ഉപയാേഗിച്ച് കർഷകരായ മലയോര വാസികളുടെ മേൽ കുതിരകയറുന്ന വനപാലകർക്കെതിരെ നേരത്തെയും അമർഷം ഉയർന്നിട്ടുണ്ട്. കാട്ടിലെ ചുള്ളിക്കമ്പുകൾ എടുത്താൽ പോലും നാട്ടുകാർക്കെതിരെ വനനിയമം പ്രയോഗിക്കുന്നവരാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ. വനത്തിനുള്ളിൽ വച്ചിരുന്ന കാമറ നശിപ്പിച്ചെന്ന പേരിൽ ഒരു തെളിവും തൊണ്ടിയുമില്ലാതെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ മത്തായിയെ അരീക്കക്കാവിലെ വാടകവീട്ടിൽ നിന്ന് പിടിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. സ്റ്റേഷനിലെത്തിക്കാതെ മണിക്കൂറുകളോളം വനത്തിലൂടെ സഞ്ചരിച്ച ജീപ്പ് നേരം ഇരുട്ടിയപ്പോൾ മത്തായിയുടെ കുടപ്പനക്കുളത്തെ കുടുംബവീടിനടുത്ത് വന്നു. ആൾമറയുള്ള കിണറിനുത്ത് എത്തിയപ്പോൾ മത്തായി എടുത്തു ചാടിയത്രെ!.
മരണവിവരം പുറംലോകമറിഞ്ഞപ്പോൾ നുണകളുടെ കൂമ്പാരക്കെട്ട് അഴിച്ചുവിട്ട് തടി തപ്പാൻ നോക്കിയ വനപാലകർക്കെതിരെ അചഞ്ചലമായ പോരാട്ടമായിരുന്നു ഷീബയുടേത്. '' മരണ ശേഷമെങ്കിലും തന്റെ ഭർത്താവിന് നീതി കിട്ടണം. മരണത്തിന് ഉത്തരവാദികളായവർ നിയമത്തിന് മുന്നിൽ വരണം''- മത്തായിയുടെ മൃതദേഹം റാന്നി സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയ ശേഷം സഹന സമരത്തിന് തുടക്കമിട്ട് ഷീബ പറഞ്ഞത് ഇതാണ്. രാഷ്ട്രീയ സംഘടനകളും നാട്ടുകാരും സമരത്തിൽ അണി ചേർന്നു. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനും പത്തനംതിട്ട പൊലീസ് ചീഫ് ഒാഫീസിനും മുന്നിൽ മൂന്നാഴ്ചയോളം നീണ്ട റിലേ സത്യാഗ്രഹങ്ങൾ നടന്നു.
കേസ് എടുക്കാതെയും മൊഴിയില്ലാതെയും മത്തായിയെ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധാമാണെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടും വനപാലകർക്കെതിരെ കേസ് എടുക്കാതിരുന്നത് അട്ടിമറിയാണെന്ന് ഷീബയും ബന്ധുക്കളും സംശയിച്ചു. നീതി തേടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ വനപാലകർക്കെതിരെ കേസ് എടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് ചോദിച്ചാണ് കേസ് സി.ബി.ഐയ്ക്ക് വിട്ടത്.
സി.ബി.ഐ പറയട്ടെ
ദീർഘനാൾ ഭർത്താവിന്റെ മൃതശരീരം കാത്ത് സൂക്ഷിച്ച ഷീബ സി.ബി.ഐയിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ്. ഷീബയുടെ വാക്കുകൾ: സ്കൂളിലെ അനദ്ധ്യാപികയായ എനിക്ക് സമരങ്ങൾ അറിയില്ല. പൊന്നുച്ചായൻ മരിച്ചെന്നറിഞ്ഞപ്പോൾ തളർന്നു പോയി. രണ്ടു കൊച്ചുകുട്ടികളും വികാലാംഗരും അടങ്ങുന്ന ഒൻപത് പേരുള്ളതാണ് ഞങ്ങളുടെ കുടുംബം. പന്നി ഫാം നടത്തുന്ന പൊന്നുച്ചായനായിരുന്നു ഏക ആശ്രയം. വനപാലകർ നടപ്പാക്കിയ കാട്ടുനീതിക്കെതിരെ പ്രതികരിക്കാൻ ദൈവം എനിക്ക് ശക്തി തന്നു. ഇൗ സമരയാത്രയിൽ അച്ചായന്റെ ആത്മാവ് എനിക്കൊപ്പമുണ്ട്. ഇതുപോലൊരു അനുഭവം ലോകത്ത് ആർക്കുമുണ്ടാകരുത്. ചെറിയ സ്വപ്നങ്ങളുമായാണ് ഞങ്ങൾ ജീവിച്ചത്. നീതി കിട്ടും വരെ മൃതദേഹം സംസ്കരിക്കേണ്ടെന്ന് തീരുമാനിച്ചതാണ്. സി.ബി.ഐ അന്വേഷണത്തിൽ പ്രതീക്ഷയുണ്ട്. നീതിക്കായുള്ള പോരാട്ടത്തിൽ എല്ലാവരും ഒപ്പമുണ്ട്. ബന്ധുക്കളും കർഷകരും അഭിഭാഷകരും എനിക്ക് വേണ്ടി സമരത്തിനിറങ്ങി. പൊന്നുച്ചായന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ എല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ആ ആത്മാവിന് ശാന്തി കിട്ടണം.