കോന്നി : മലയോര മേഖലയുടെ ചിരകാല സ്വപ്നമായ കോന്നി സർക്കാർ മെഡിക്കൽ കോളേജ് 14ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എയും ജില്ലാ കളക്ടർ പി.ബി നൂഹും പത്രസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ അദ്ധ്യക്ഷത വഹിക്കും. വീഡിയോ കോൺഫറൻസ് വഴിയായിരിക്കും ഉദ്ഘാടന ചടങ്ങ്. തുടക്കത്തിൽ ജനറൽ ഒ.പി മാത്രമാണ് പ്രവർത്തിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും ചടങ്ങ്. തിരഞ്ഞെടുക്കപ്പെട്ട 50 പേർക്ക് മാത്രമായിരിക്കും പ്രവേശനം. 130 കോടി രൂപ ചെലവിലാണ് ആദ്യഘട്ട നിർമ്മാണം പൂർത്തീകരിച്ചത്.
നിർമ്മാണം പൂർത്തീകരിച്ച ആശുപത്രി കെട്ടിടവും അക്കാദമിക് ബ്ളോക്കുമാണ് മുഖ്യമന്ത്രി സർപ്പിക്കുന്നത്.ആശുപത്രി കെട്ടിടത്തിന് 32900 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുണ്ട്. കാഷ്വാലിറ്റി, ഒ.പി, ഐ.പി, അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങൾ, ഓപ്പറേഷൻ തീയേറ്ററുകൾ, ക്യാന്റീൻ തുടങ്ങി വിപുലമായ സൗകര്യങ്ങൾ ഇവിടെയുണ്ട്. നാലു നിലകളിലായി നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ 10 വാർഡുകളിലായി 300 കിടക്കകളുണ്ട്. അക്കാദമിക് ബ്ളോക്കിന് നാല് നിലകളിലായി 16300 സ്വകയർ മീറ്റർ വിസ്തീർണ്ണമുണ്ട്. വിവിധ ഡിപ്പാർട്ട്മെന്റുകൾ, ക്ളാസ് മുറികൾ, ലാബ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
ക്ളാസുകൾ ആരംഭിക്കുന്നതിന് ഉടൻ മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകും. ഐ.പി വിഭാഗവും ഈ വർഷം തന്നെ പ്രവർത്തനം തുടങ്ങും. മെഡിക്കൽ കോളേജിനോട് ചേർന്ന് ഒന്നര കിലോമീറ്റർ ദൂരത്തിൽ നാലുവരിപ്പാത പൂർത്തിയായിട്ടുണ്ട്. കോന്നിയിൽ നിന്നും പയ്യാനണ്ണിൽ നിന്നുമുള്ള പ്രധാന റോഡുകൾ മെഡിക്കൽ കോളേജ് റോഡായി വികസിപ്പിക്കും. പ്രതിദിനം 50 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന ശുദ്ധജല വിതരണ പദ്ധതി പൂർത്തിയായി. 13.98 കോടി രൂപ ചെലവിൽ ഒരേക്കർ സ്ഥലത്താണ് പദ്ധതി.
ആദ്യഘട്ടം ജനറൽ ഒ.പി മാത്രം
ജനറൽ ഒ.പി മാത്രമായിരിക്കും ആദ്യഘട്ടത്തിൽ പ്രവർത്തനം തുടങ്ങുന്നത്. ജനറൽ മെഡിസിൻ, സർജറി, പീഡിയാട്രിക്, ഓർത്തോപീഡി, ഇ.എൻ.ടി, ഡെന്റൽ, ഓസ്തോംപോളജി സേവനങ്ങൾ ആദഘട്ടം ലഭിക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പ്രവർത്തന സമയം. ഞായറാഴ്ച അവധി ആയിരിക്കും.15 മുതൽ പൊതുജനങ്ങൾക്ക് ചികിത്സ ലഭ്യമാക്കും.