sheeba

പത്തനംതിട്ട: 39 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ പ്രിയതമൻ മണ്ണോട് ചേരുമ്പോഴും ഷീബാമോൾ നീതി തേടിയുള്ള പോരാട്ടത്തിലാണ്. വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ കിണറ്റിൽ മരിച്ച ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ വീട്ടിൽ മത്തായിയുടെ (പൊന്നു-41) മൃതദേഹം സി.ബി.എെയുടെ നിർദ്ദേശപ്രകാരം റീ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ഇന്നലെയാണ് അടക്കിയത്. പക്ഷേ ഭർത്താവിന്റെ മരണത്തിൽ നീതി തേടിയുള്ള സമരചരിത്ര‌മാണ് ഷീബാമോളിലൂടെ പിറന്നത്. സി.ബി.എെയുടെ തുടർ നടപടികളും ഇനി നിർണായകമാകും.

മത്തായിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന ഷീബയുടെ ഉറച്ച നിലപാടാണ് അന്വേഷണം സി.ബി.എെയിലെത്തിച്ചത്. മൃതദേഹം അടക്കിയ ശേഷം സമരം തുടരാമെന്ന സമ്മർദ്ദങ്ങൾക്ക് കീഴടങ്ങാതെ ഹൈക്കോടതിയെ ആശ്രയിച്ച ഷീബ പോരാട്ടത്തിന്റെ ആദ്യഘട്ടം വിജയിച്ചു.

റീ പോസ്റ്റുമോർട്ടത്തിൽ മത്തായിയുടെ ശരീരത്തിൽ ഒടിവും ചതവും അടക്കം ഏഴ് മുറിവുകൾ കൂടി കണ്ടെത്തിയിരുന്നു. മത്തായിയെ മർദ്ദിച്ച ശേഷം തെളിവെടുപ്പിനെന്നു പറഞ്ഞ് കൊണ്ടുവന്ന് കിണറ്റിൽ തള്ളുകയായിരുന്നുവെന്ന ഷീബയുടെ വാദത്തെ ഇത് ബലപ്പെടുത്തുന്നു. ജൂലായ് 28ന് വൈകിട്ട് നാലിനാണ് മത്തായിയെ അരീക്കക്കാവിലെ വാട‌കവീട്ടിൽ നിന്ന് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപാേയത്. മണിക്കൂറുകൾക്കുള്ളിൽ മത്തായിയെ കുടുംബവീടായ കുടപ്പനക്കുളത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.

ഇന്നലെ രാവിലെ പത്തോടെ അരീക്കക്കാവിലെ വാടക വീട്ടിലെത്തിച്ച മൃതദേഹത്തിൽ ഷീബയും കുഞ്ഞുങ്ങളും അന്ത്യചുംബനം നൽകി. ഉച്ചയ്ക്ക് മൂന്നരയോടെ കുടപ്പനക്കുളം സെന്റ്മേരീസ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ആന്റോ ആന്റണി എം.പി, മുൻ മന്ത്രി പി.ജെ. ജോസഫ്, എം.എൽ.എമാരായ രാജു എബ്രഹാം, കെ.യു. ജനീഷ് കുമാർ, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

സി.ബി.എെയിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും പിന്തുണച്ച എല്ലാവരെയും നന്ദിയോടെ ഒാർക്കുമെന്നും ഷീബാമോൾ. ഒരു തെറ്റും ചെയ്യാത്ത പൊന്നുച്ചായനെയാണ് ഫോറസ്റ്റുകാർ മക്കളുടെ മുന്നിൽ നിന്ന് പിടിച്ചുകൊണ്ടുപോയത്. കാക്കി കണ്ടാൽ ഇപ്പോൾ മക്കൾക്ക് ഭയമാണ്. പൊന്നുച്ചായന്റെ മരണത്തിന് കാരണക്കാരയവർ പിടിയിലാകുമെന്നാണ് വിശ്വാസം.