കലഞ്ഞൂർ: ജില്ലയിലെ ഏറ്റവും വലിയ സർക്കാർ വിദ്യാലയമായ കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പി.ടി.എ ഈ വർഷം ജില്ലയിലെ ഏറ്റവും മികച്ച സമിതിയായി തിരഞ്ഞെടുക്കപ്പെട്ടു. 1914ൽ വെർണാകുലർ മിഡിൽ സ്‌കൂളായി പ്രവർത്തനം ആരംഭിച്ച പഞ്ചായത്തിലെ ആദ്യ പൊതു വിദ്യാലയം പാഠ്യപാഠ്യേതര മേഖലകളിൽ എന്നും മുൻപന്തിയിലായിരുന്നു.അഞ്ചു മുതൽ പത്തുവരെയും പ്ലസ്ടു വി.എച്ച്.എസ്.ഇ.വിഭാഗങ്ങളും ഒന്നിച്ചു പ്രവർത്തിക്കുന്ന സംസ്ഥാനത്തെ തന്നെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണിത്. വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മൂന്നു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.ഒക്ടോബറിൽ പൂർത്തിയാകും.എച്ച്.എസ്, എച്ച്.എസ്. എസ് വിഭാഗങ്ങളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്കാണ് . പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ എല്ലാ ക്ലാസ്മുറികളും സ്മാർട്ടാകും. എൻ.സി.സി സീനിയർ ജൂനിയർ ഡിവിഷൻ,എൻ.എസ്.എസ്, എസ്.പി.സി.ഗൈഡ്‌സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ് ഇതര ക്ലബുകൾ എല്ലാം ഈ സർക്കാർ വിദ്യാലയത്തിന്റെ മികവിന് മാറ്റുകൂട്ടുന്നു.ശക്തമായ പിന്തുണയാണ് പി.ടി.എ നല്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻപഠനത്തിനായി നാളിതുവരെ 52 ടി.വി യും ഏഴ് സ്മാർട്ട് ഫോണുകളുമാണ് പൂർവ വിദ്യാർത്ഥികളുടെയും ഇതര സംഘടനകളുടേയും സഹകരണത്തിൽ വിതരണം ചെയ്തത്. പരിഹാരബോധനം, ഉച്ചഭക്ഷണത്തിന് പുറമേയുള്ള ലഘുഭക്ഷണ പരിപാടി, രോഗീ സഹായം, ഭവന പദ്ധതികൾ, കാർഷിക ബോധനം, ഭാഷാ സംഗമം, ആട് വിതരണം അടക്കം മാതൃകാപരമായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വിദ്യാർത്ഥികൾക്ക് സമൂഹമദ്ധ്യത്തിൽ കാഴ്ചവച്ചതാണ് അംഗീകാരത്തിന് അർഹരാക്കിയതെന്ന് പി.ടി.എ പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യാപക പ്രതിനിധി ഫിലിപ്പ് ജോർജ് എന്നിവർ പറഞ്ഞു.