waste
ആലാത്ത് കടവ് പാലത്തിൽ നിന്നുംമാലിന്യം കോലറയാറിലേക്ക് തള്ളിയിരിക്കുന്നു

തിരുവല്ല: ടാങ്കർ ലോറിയിലെത്തിച്ച കക്കൂസ് മാലിന്യം കോലറയാറിൽ തള്ളി. മാലിന്യം തള്ളാനെത്തിയവർ സമീപവാസികൾ ഓടിയെത്തുന്നത് കണ്ട് ലോറിയുമായി കടന്നു. കടപ്ര പത്താം വാർഡിൽ കോലറയാറിന് കുറുകെ കഴിഞ്ഞ മാസം നിർമിച്ച ആലാത്ത് കടവ് പാലത്തിന്റെ അപ്രോച്ച് റോഡിൽ നിന്നാണ് ആറ്റിലേക്ക് മാലിന്യം തള്ളിയത്. ഇന്നലെ പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം. പാലത്തോട് ചേർത്ത് നിറുത്തിയ ലോറിയിൽ നിന്ന് പൈപ്പ് ഉപയോഗിച്ച് അപ്രോച്ച് റോഡിന്റെ കൽക്കെട്ടിലൂടെ മാലിന്യം ആറ്റിലേക്ക് തുറന്നുവിടുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തുന്നത് കണ്ട് ടാങ്കറും ഒപ്പം വന്ന കാറും കടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ് നൽകിയ പരാതിയിൽ പുളിക്കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടാങ്കറും കാറും കടന്നു പോകാനിടയുള്ള ഭാഗങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. മാലിന്യം തള്ളിയ ഭാഗം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചേർന്ന് ശുചീകരിച്ച് അണുവിമുക്തമാക്കി.