പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 21 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 115 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. മെഴുവേലിയിൽ 8 പേർക്കും പഴകുളത്ത് 8 പേർക്കും സമ്പർക്കത്തിലൂടെ രോഗ ബാധിതരായി. തിരുവല്ല താലൂക്ക് ആശുപത്രിയിലെ രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 3887 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 2450 പേർ സമ്പർക്കം മൂലം രോഗികളായവരാണ്. കൊവിഡ് ബാധിതരായ 30 പേർ ജില്ലയിൽ മരണമടഞ്ഞു. ഇന്നലെ 82 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2950 ആണ്. പത്തനംതിട്ട ജില്ലക്കാരായ 907 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 884 പേർ ജില്ലയിലും 23 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ലക്ഷണങ്ങൾ ഇല്ലാത്ത, കൊവിഡ് ബാധിതരായ 15 ആരോഗ്യ പ്രവർത്തകർ വീടുകളിൽ ചികിത്സയിലുണ്ട്. ജില്ലയിൽ ആകെ 892 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ആകെ 12647 പേർ നിരീക്ഷണത്തിലാണ്.