06-cgnr-thriputh
ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ട് ഘോഷയാത്ര ക്ഷേത്ര മതിലകത്ത് പ്രവേശിക്കുന്നു.

ചെങ്ങന്നൂർ : ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ട് ഭക്തിസാന്ദ്രമായി. പമ്പാനദിയിലെ മിത്രപ്പുഴക്കടവിലായിരുന്നു ആറാട്ട്.. താഴമൺ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യകാർമ്മികത്വം വഹിച്ചു.ആറാട്ടിനുശേഷം ദേവിയെ കടവിലെ ആറാട്ടു പുരയിലെ പ്രത്യേക മണ്ഡപത്തിൽ എഴുന്നെള്ളിച്ചിരുത്തി. വിശേഷാൽ പൂജകളും ആരതിയും നിവേദ്യവും നടന്നു. ആനയെ ഒഴിവാക്കി ദേവനെ ഋഷഭ വാഹനത്തിലും ദേവിയെ ഹംസം വാഹനത്തിലുമാണ് എഴുന്നെള്ളിച്ചത്. പ്രതീകാത്മകമായി രണ്ട് പൂന്താലങ്ങൾ അകമ്പടി സേവിച്ചു.
ഘോഷയാത്ര ക്ഷേത്രത്തിനകത്ത് പ്രവേശിച്ചപ്പോൾ ശ്രീപരമേശ്വരൻ ദേവിയെ സ്വീകരിച്ച് ക്ഷേത്രത്തിനു പ്രദക്ഷിണം വച്ച് പടിഞ്ഞാറേ നടയിലെത്തി പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഇരുത്തി. ഇവിടെ ഭക്തർ നിറപറ സമർപ്പണം നടത്തി. തുടർന്ന് പ്രദക്ഷിണം പൂർത്തിയാക്കി അകത്തേക്ക് എഴുന്നെളളിച്ച ശേഷം ഇരു നടകളിലും കളഭാഭിഷേകം നടന്നു. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്.
ദേവസ്വം അസി..കമ്മിഷണർ അജിത് കുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.അജികുമാർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, ക്ഷേത്ര ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.