പത്തനംതിട്ട: കൊവിഡ് നിരീക്ഷണത്തിൽ പോകേണ്ട യുവതിയുമായി ആംബുലൻസ് ഡ്രൈവർ മണിക്കൂറുകളോളം നാടുചുറ്റിയ സംഭവം ഇക്കഴിഞ്ഞ ജൂൺ 18ന് പത്തനംതിട്ടയിലുണ്ടായി. അന്നും ആംബുലൻസിൽ ഡ്രൈവർ മാത്രമായിരുന്നു. സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും ഡ്രൈവർമാരെ നിയന്ത്രിക്കാൻ നടപടിയുണ്ടായില്ല.
അന്നത്തെ ദുരനുഭവം പത്തനംതിട്ട
സ്വദേശിയായ യുവതി ഒാർക്കുന്നു:
ദുബായിൽ നിന്ന് രാത്രി ഒന്നരയ്ക്കാണ് എറണാകുളം വിമാനത്താവളത്തിൽ ഇറങ്ങിയത്. അവിടെ നിന്ന്
കെ.എസ്.ആർ.ടി.സി ബസിൽ പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ കൊണ്ടുവന്നു. അഞ്ച് മിനിട്ട് കൂടി യാത്ര ചെയ്താൽ മതിയായിരുന്നു നഗരത്തിലെ തന്നെ അബാൻ ജംഗ്ഷനിലെ ക്വാറന്റൈൻ കേന്ദ്രത്തിലെത്താൻ. അവിടെ എനിക്ക് വേണ്ടി പെയ്ഡ് റൂം ബുക്ക് ചെയ്തിരുന്നു. ആംബുലൻസ് ഡ്രൈവർ ഞങ്ങൾ മൂന്നു നാല് സ്ത്രീകളെയും ഒരു ചേട്ടനെയും വാഹനത്തിൽ കയറ്റി. ഒരാേരുത്തരെയും എവിടെയാണ് ഇറക്കേണ്ടത് എന്നുള്ള ലിസ്റ്റ് ഡ്രൈവറുടെ കൈവശമുണ്ടായിരുന്നു. എനിക്ക് ഇറങ്ങേണ്ട അബാൻ ജംഗ്ഷനിൽ എത്തിയപ്പോൾ ആംബുലൻസ് നിറുത്താൻ ഡ്രൈവറോട് പറഞ്ഞു. അയാൾ അത് കേൾക്കാതെ അവിടെ മുറിയില്ലെന്ന് പറഞ്ഞ് വണ്ടി വിട്ടു. എനിക്കൊപ്പമുണ്ടായിരുന്നവർ പറഞ്ഞിട്ടും കേട്ടില്ല. എല്ലാവരും ദീർഘയാത്ര ചെയ്ത് ക്ഷീണിച്ചവരായതുകൊണ്ട് തർക്കിക്കാൻ പോയില്ല. ആംബുലൻസ് ഇലവുംതിട്ടയിലെയും അടൂരിലെയും ക്വാറന്റൈൻ കേന്ദ്രങ്ങളിൽ എത്തി മറ്റുള്ളവരെയെല്ലാം ഇറക്കി. ഒാരോ കേന്ദ്രങ്ങളിലും നടപടികൾ പൂർത്തിയാക്കി ആംബുലൻസ് തിരിച്ച് പത്തനംതിട്ടയിൽ എനിക്ക് ഇറങ്ങേണ്ട കേന്ദ്രത്തിൽ എത്തിയപ്പോൾ നാല് മണിക്കൂർ പിന്നിട്ടു. ഇൗ സമയം ഞാൻ ബന്ധുക്കളെയും മറ്റും വിവരങ്ങൾ അറിയിച്ചതുകൊണ്ടും പകലായിരുന്നതിനാലുമാകാം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത്.
കഴിഞ്ഞ ദിവസം ആറൻമുളയിൽ പെൺകുട്ടിയ്ക്കുണ്ടായ ദുരനുഭവത്തിൽ വിഷമമുണ്ട്. സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം. സമയം നോക്കാതെ ജോലി ചെയ്യുന്ന നല്ല ആംബുലൻസ് ഡ്രൈവർമാർ ഒരുപാടുണ്ട്. അവർക്ക് അപമാനമുണ്ടാകാതിരിക്കാൻ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്.