നാരങ്ങാനം: നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഭാഗികമായി തകർന്ന കാർ ഉപേഷിച്ച നിലയിൽ. നാരങ്ങാനം ചന്തുരത്തിയിൽ പടിക്ക് സമീപം നിയന്ത്രണം വിട്ട് മതിലിടിച്ച കാറാണ് മാസങ്ങളായിട്ടും റോഡിൽ നിന്നും മാറ്റാതെ കിടക്കുന്നത്.കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡിൽ വളഞ്ഞിലേത്ത് പടിയിലുള്ള ചപ്പാത്തിൽ അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിടുകയായിരുന്നു. ഇവിടെ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.റോഡ് വീതി കൂട്ടി ബി.എം.ബി.സി. ടാറിംഗും നടത്തിയതോടെ വാഹനങ്ങൾ അമിതവേഗതയിലാണ് ഓടുന്നത്. റോഡിൽ വി ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ചപ്പാത്താണ് അപകടമുണ്ടാക്കുന്നത്. ഇതിൽ വാഹനങ്ങൾ തെറിച്ച് നിയന്ത്രണം വിടുകയാണ്. വീടിനോട് ചേർന്ന് കിടക്കുന്ന കാറിന് ചുറ്റും കാടും വളർന്ന് കയറിത്തുടങ്ങി. കാറ് ഇവിടെ നിന്നും നീക്കം ചെയ്യുന്നതിന് നടപടി എടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.