ചെങ്ങറ : ഭൂസമരത്തിലൂടെ ലോകം അറിഞ്ഞ ചെങ്ങറ ഗ്രാമം പ്രകൃതിയൊരുക്കുന്ന മനോഹര കാഴ്ചകളാൽ സമൃദ്ധമാണ്. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടത്താലും ചെമ്മാനി തോട്ടത്താലും ചുറ്റപ്പെട്ട ഇൗ പ്രദേശം സഞ്ചരികൾക്ക് ഇഷ്ടഇടമായി മാറിയിരിക്കുന്നു. 1980 വരെ തേയിലത്തോട്ടങ്ങളായിരുന്നു ഏറിയപങ്കും. എന്നാൽ ഇപ്പോൾ മൊട്ടക്കുന്നുകളും കൈതച്ചക്കത്തോട്ടങ്ങളുമായി കൂടുതൽ ആകർഷകമായിരിക്കുന്നു. പുലർച്ചയും സന്ധ്യനേരത്തും മലമടക്കുകളിൽ നിറയുന്ന കോടമഞ്ഞ് മൂന്നാറിനെ അനുസ്മരിപ്പിക്കുന്ന കാഴ്ചയാണ്. ദൂരെ സ്ഥലങ്ങളിൽ നിന്ന് നിരവധിയാളുകൾ കാഴ്ചകൾ കാണുവാൻ ഇവിടെ എത്താറുണ്ട്. മഴക്കാലത്തും സന്ദർശകർ ഏറെയാണ്. കുമ്പഴ തോട്ടത്തിലെ കടുവുപുഴയ്ക്ക് സമീപമുള്ള മലമടക്കുകളിലും ചെമ്മാനി തോട്ടത്തിലെ ചെങ്ങറ - കൊന്നപ്പാറ റോഡിലെ മലനിരകളിലും സഞ്ചാരികൾ പതിവ് കാഴ്ച്ചയാണ്. വനമേഖലയോടു ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ മയിൽ, കേഴ, കാട്ടുപന്നി, കാട്ടുകോഴി, മലയണ്ണാൻ എന്നിവയെയും കാണാൻ കഴിയും. അട്ടച്ചാക്കൽ - കുമ്പളാം പൊയ്ക റോഡിലൂടെ യാത്ര ചെയ്യുന്നവർ വാഹനങ്ങൾ നിറുത്തി കാഴ്ചകൾ കാണുന്നതും പതിവാണ്. ഈ പ്രദേശങ്ങളിലെല്ലാം മയിലുകളെ കൂടുതലായി കാണാനാകും. വിവിധതരത്തിലുള്ള പക്ഷികളും ഇവിടെയുണ്ട്.
ഈ മലമടക്കുകളിലെ ചെറുതോടുകൾ കല്ലാറ്റിലേക്കും അച്ചൻകോവിലാറ്റിലേക്കുമുള്ള കൈവഴികളാണ്. മലമുകളിലെ ഈർപ്പം കിനിയുന്ന പാറകളിൽ നാനാതരം ചെടികളും തഴച്ച് വളരുന്നു. ഇവയിൽ പലതും ഔഷധസസ്യങ്ങളാണ്. അപൂർവ്വ ഇനം പൂമ്പാറ്റകളെയും കാണാൻ കഴിയും. യുട്യൂബ് ചാനലുകൾക്കും വിവാഹ ആൽബങ്ങൾക്കുമായി നിരവധിയാളുകൾ ചിത്രീകരണത്തിനാ
യി ഇവിടെ എത്താറുണ്ട്.