ചെങ്ങന്നൂർ : പുലിയൂർ പഞ്ചായത്ത് പദ്ധതിയായ സായാഹ്നക്കാറ്റ് മിനി പാർക്ക് യാഥാർത്ഥ്യമായി. പഞ്ചായത്തിലെ 12ാം വാർഡിലെ കളീക്കൽ കുളത്തിന്റെ ഓരം ചേർന്ന് , മാവേലിക്കര ചെങ്ങന്നൂർ റോഡരികിൽ അതി മനോഹരമായി നിർമ്മിച്ച പഞ്ചായത്ത് വക സായാഹ്നക്കാറ്റ് മിനി പാർക്ക് സജി ചെറിയാൻ എം.എൽ.എ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഷൈലജ ചടങ്ങിൽ അദ്ധ്യക്ഷയായി. ബോളിവിയ ലഘുഭക്ഷണ ശാലയുടെ ഉദ്ഘാഘാടനവും എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് ജി.വിവേക് ബസ് യാത്രക്കാർക്കുള്ള കാത്തിരിപ്പു കേന്ദ്രത്തിന്റെയും ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.കൃഷ്ണകുമാർ നവീകരിച്ച കുളത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. വായനാ കോർണർ ഉദ്ഘാടനവും പി.എസ്.സി കോച്ചിംഗ് ക്ലാസിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.വി.വേണുവും, കരുണപെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റി മാന്നാർ ഏരിയ കൺവീനർ അഡ്വ.സരേഷ് മത്തായിയും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.സുധാമണി നവീകരിച്ച കുളത്തിൽ മത്സ്യ കുഞ്ഞുങ്ങള നിക്ഷേപിച്ചു.
കാത്തിരിപ്പ് കേന്ദ്രവും ലഘുഭക്ഷണശാലയും
പാർക്കിന്റെ വശത്തായി ബസ് യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രവും അതിനോട് ചേർന്ന് ലഘുഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനുള്ള കളി ഉപകരണങ്ങൾ ചെറിയ പരിപാടികൾക്കായി സ്‌റ്റേജും സജ്ജമാക്കിയിട്ടുണ്ട്. പാർക്കിൽ എത്തുന്നവർക്ക് പ്രത്യേക ഇരിപ്പട സൗകര്യം ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള ഒരു ലക്ഷം രൂപയും എം.എൽ.എ ഫണ്ടായി ഏഴ് ലക്ഷവും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സൗന്ദര്യവൽക്കരണത്തിനായി 3.5 ലക്ഷം രൂപയും ചേർത്ത് 11.5 ലക്ഷം രൂപയുമാണ് മൊത്തം നിർമ്മാണ ചിലവ്.
കളീക്കൽ കുളത്തിനെ സംരക്ഷിച്ച് നിർമ്മിച്ചിരിക്കുന്ന പഞ്ചായത്ത് പാർക്കിലേക്ക് ഇനി പൊതുജനങ്ങൾക്ക് കുട്ടികളേയും കൂട്ടി കുടുംബമായി എത്തി സായാഹ്നങ്ങൾ ആനന്ദകരമാക്കാൻ കഴിയും. ബോട്ടിംഗിനായി കുളത്തിൽ പെഡൽ ബോട്ടുകൾ ഉടൻ ക്രമീകരിക്കുന്നതിന് പദ്ധതിയുണ്ട്.. കെ.പി പ്രദീപ്
(വാർഡ് മെമ്പർ)
-മൊത്തം ചെലവ് 11.5 ലക്ഷം
-പഞ്ചായത്ത് ഫണ്ടിൽ നിന്ന് 1 ലക്ഷം
-എം..എൽ..എ ഫണ്ടിൽ നിന്ന് 7 ലക്ഷം
-തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി 3.5 ലക്ഷം