അടൂർ : സാധാരണ വൈകിട്ട് ഏഴു മണിയോടെയാണ് കൊവിഡ് രോഗികളെ വീട്ടിൽ നിന്നും ആശുപത്രിയിലെത്തിക്കുന്നതെങ്കിലും പീഡനത്തിനിരയായ പെൺകുട്ടിയ്ക്കായുള്ള ആംബുലൻസ് അയയ്ക്കാൻ അധികൃതർ ഏറെ വൈകി. പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട് പന്തളത്താണ്. മാതാവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനാൽ പെൺകുട്ടിയെ അടൂർ വടക്കടത്തുകാവിലെ ബന്ധുവീട്ടിലേക്ക് മാറ്റുകയായിരുന്നു.ഇത് ആരോഗ്യ വകുപ്പ് അറിഞ്ഞില്ലെന്നാണ് ഡി.എം.ഒ പറയുന്നത്. പെൺകുട്ടി പന്തളത്ത് വീട്ടിലുണ്ടെന്നു കരുതി. തൊട്ടടുത്താണ് കൊവിഡ് കെയർ സെന്റർ. ദൂരെയുള്ള മറ്റു രോഗികളെ കയറ്റിയ ശേഷം പെൺകുട്ടിയെ അവസാനം എത്തിക്കാനായിരുന്നു ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. എന്നാൽ പിന്നീട് ബന്ധുക്കളോട് തിരക്കിയപ്പോഴാണ് പെൺകുട്ടി വടക്കടത്തുകാവിലാണെന്ന് അറിഞ്ഞത്. അപ്പോഴേക്കും രാത്രി 11 കഴിഞ്ഞിരുന്നു. പെൺകുട്ടിയുടെ മാതാവിന് നേരത്തെ കൊവിഡ് ബാധിച്ചപ്പോഴും ഇതേ ആംബുലൻസ് ഡ്രൈവർ തന്നെയാണ് വീട്ടിലെത്തി അവരെ കയറ്റിക്കൊണ്ടുപോയതെന്നാണ് വിവരം. ഒരുമാസമായി അടൂരിൽ ജോലി ചെയ്യുന്ന ഇയാൾ
ഇന്നലെ കായംകുളത്തെ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ആന്റിജൻ ടെസ്റ്റിന് വിധേയമാകുകയും ഫലം നെഗറ്റീവാകുകയും ചെയ്തിരുന്നു.
13ന് പകരം 30 കി.മീ ചുറ്റിക്കറങ്ങി
വടക്കടത്തുകാവിൽ നിന്ന് പന്തളത്തേക്കുള്ള ദൂരം 13 കിലോമീറ്ററാണ്.എന്നാൽ പെൺകുട്ടിയെ പന്തളം കൊവിഡ് കെയർ സെന്ററിൽ ഇറക്കാതെ ആംബുലൻസ് പിന്നെയും 12 കിലോമീറ്റർ സഞ്ചരിച്ച് കോഴഞ്ചേരിയിലെത്തി. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന കൊവിഡ് രോഗിയായ വീട്ടമ്മയെ അവിടെ ഇറക്കി.തുടർന്ന് ആംബുലൻസ് തിരിച്ചു വിട്ട് 6 കിലോമീറ്റർ അകലെ ആറന്മുളയിലെ ഉപേക്ഷിക്കപ്പെട്ട വിമാനത്താവള സ്ഥലത്തെത്തി. അവിടെ വച്ചാണ് പീഡനം നടന്നത്.ഒടുവിൽ 12 കിലോമീർ അകലെയുള്ള പന്തളം കൊവിഡ് കെയർ സെന്ററിന് മുന്നിൽ പെൺകുട്ടിയെ ഇറക്കി വിട്ടു.