പത്തനംതിട്ട : അക്ഷര സ്‌നേഹിയായ യുവ അദ്ധ്യാപകൻ നൽകിയ മൂന്ന് സെന്റിൽ പണിതുയർത്തിയ അങ്കണവാടി ഇനി ഗ്രാമപ്രദേശത്തെ കുരുന്നുകൾക്ക് സ്വന്തം. വള്ളിക്കോട് പഞ്ചായത്തിലെ 11-ാം വാർഡിൽ വെള്ളപ്പാറ 89ാം അങ്കണവാടിക്കാണ് കെ.പി.എസ്.ടി.എ.സംസ്ഥാന സമിതി അംഗവും പത്തനംതിട്ട ഗവ.ഹയർ സെക്കന്ഡറി സ്‌കൂൾ അദ്ധ്യാപകനുമായ എസ്.പ്രേം ലക്ഷങ്ങൾ വിലയുള്ള മൂന്ന് സെന്റ് നല്കി മാതൃകയായത്.തന്റെ വാർഡിൽപ്പെട്ട അങ്കണവാടിക്ക് സ്വന്തം കെട്ടിടമില്ലെന്ന് വാർഡ് അംഗം സാറാമ്മ സജിയിൽ നിന്ന് കേട്ടറിയുകയായിരുന്നു പ്രേം.ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സംഘാടകനായി പ്രവർത്തിക്കുകയും അദ്ധ്യാപനം പൈതൃകമായി പകർന്നു ലഭിക്കുകയും ചെയ്ത പ്രേം കെ.പി.എസ്.ടി.എ. ഗുരുസ്പർശം പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സ്ഥലം ദാനം നൽകിയത്.ജില്ലാ പഞ്ചായത്ത്10 ലക്ഷം രൂപാ ചെലവിൽ പണികഴിപ്പിച്ച മന്ദിരം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ.,പഞ്ചായത്ത് പ്രസിഡന്റ് ലിസിമോൾ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വിശ്വംഭരൻ,വാർഡ് മെമ്പർ സാറാമ്മ സജി, ഐ.സി.ഡി.സി.എസ് സൂപ്പർവൈസർ കെ.എസ്.ദീപിക, കെ.പി.എസ്.ടി.എ.ജില്ലാ പ്രസിഡന്റ് വി.എൻ.സദാശിവൻ പിള്ള, ഫിലിപ്പ് കിടങ്ങിൽ, ജോൺ മാങ്കൂട്ടത്തിൽ, വർഗീസ് ജോസഫ്, എസ്.പ്രേം, കെ.ജി. റെജി, എം.എം.ജോസഫ്, ഫിലിപ്പ് ജോർജ്, സുമ എസ് .ജി, ശ്രീലത എ.സി. എന്നിവർ പ്രസംഗിച്ചു.
അഗൻവാടിയ്ക്ക് സ്ഥലം ദാനം നൽകിയ അദ്ധ്യാപകനായ എസ്.പ്രേം ,ഭാര്യ പി.എസ് .സീന ടീച്ചർ എന്നിവരെ യോഗത്തിൽ ആദരിച്ചു.