തിരുവല്ല: ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ അപ്പർ കുട്ടനാട്ടിലെ മൊബൈൽ നെറ്റ് വർക്ക്, ഇന്റർനെറ്റ് സംവിധാനങ്ങൾ സംബന്ധിച്ച പരാതികൾക്ക് പരിഹാരമാകുന്നു. നിരണം വട്ടടി കടവിന് സമീപം ജിയോ ടവറിന്റെ നിർമ്മാണം ആരംഭിച്ചു. അപ്പർ കുട്ടനാടൻ മേഖലയിൽ മൊബൈൽ റേഞ്ചും ഇന്റർനെറ്റ് കണക്ഷനും കൃതമായി ലഭിക്കാത്തത് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഇന്റർനെറ്റ് സംവിധാനത്തിലെ പാകപ്പിഴകൾ കാരണം ബാങ്കിംഗ് അടക്കമുള്ള മേഖലയുടെ പ്രവർത്തനത്തെയും കാര്യമായി ബാധിച്ചിരുന്നു. ഇതേതുടർന്നു നാട്ടുകാർ ശക്തമായ പരാതികൾ ഉന്നയിച്ചിരുന്നു. പരാതികൾക്ക് പരിഹാരമായി ജനപ്രതിനിധികൾ നടത്തിയ ഇടപെടീലിന്റെ ഭാഗമായാണ് ടവർ സ്ഥാപിക്കുന്നത്. ഒക്ടോബർ 2 മുതൽ ടവർ പ്രവർത്തന സജ്ജമാകുമെന്ന് നിർമ്മാണ ചുമതലയേറ്റെടുത്ത കമ്പനി അധികൃതർ അറിയിച്ചു. ടവർ പ്രവർത്തന സജ്ജമാകുന്നതോടെ വട്ടടി, തോട്ടടി, ചുട്ടുമാലി, കോമ്പങ്കേരി, പാണ്ടങ്കേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാകും.