കൊടുമൺ : അങ്ങാടിക്കൽ തെക്ക് കൊന്നക്കോട്ട് ഏലായിൽ ഒരേക്കറിലധികം വരുന്ന കൃഷിയിടത്തിലെ മുഴുവൻ കൃഷിയും കാട്ടുപന്നികൾ കൂട്ടത്തോടെയിറങ്ങി നശിപ്പിച്ചു. കർഷകർ ഭാരിച്ച ചെലവുചെയ്തു കൃഷിയിറക്കിയും വേലചെയ്തും കഷ്ടപ്പെട്ട കൃഷിയാണ് നശിപ്പിച്ചത്.സംരക്ഷണവേലിയുടെ അടിഭാഗം തുരന്നാണ് കൃഷിയിടത്തിൽ പന്നി കയറുന്നത്.പ്രമുഖ കൃഷിക്കാരായ വിശ്വംഭരൻ, രാമകൃഷ്ണൻ, സദാശിവൻ, സോമൻ, ശിവാനന്ദൻ തുടങ്ങിയവരുടെ പതിനായിരക്കണക്കിനു കൃഷിയാണ് നശിപ്പിച്ചത്. ചേന,ചേമ്പ്, വാഴ തുടങ്ങിയവ ഉഴുതുമറിച്ച നിലയിലാണ്.കൃഷിവകുപ്പ്, പഞ്ചായത്ത് തുടങ്ങിയവർ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിൽ കൃഷിക്കാരെ പ്രോത്സാഹിപ്പിച്ചാണ് കൃഷി ചെയ്യിക്കുന്നത്. എന്നാൽ ഒരു വിളകളുടെ സംരക്ഷണത്തിനും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പന്നിയെ ഓടിച്ചാൽ വനം-വന്യജീവി അധികൃതർ കൃഷിക്കാരുടെ പേരിൽ കേസെടുക്കുന്നസ്ഥിതിയാണ്. ഇക്കാരണത്താൽ കൃഷിക്കാരും നിരാശയിലാണ്.