ചെങ്ങന്നൂർ: കനത്ത മഴയിലും എം.സി റോഡിൽ വെള്ളക്കെട്ട് ഒഴിഞ്ഞ ആശ്വാസത്തിൽ വ്യാപാരികൾ. പതിറ്റാണ്ടുകളായി, ചെറിയ തോതിൽ മഴ പെയ്താൽ പോലും ബഥേൽ ജംഗ്ഷൻ മുതൽ എൻജിനീയറിംഗ് കോളേജ് ജംഗ്ഷൻ വരെയുള്ള റോഡരുകിലുള്ള കടകളിൽ വെള്ളം കയറിയിരുന്ന അവസ്ഥയ്ക്ക് പരിഹാരം കണ്ടത് വ്യാപാരികൾക്ക് ആശ്വാസമായി.എൻജിനിയറിംഗ് കോളേജ് ജംഗ്ഷനു സമീപമുള്ള കലുങ്ക് ഇടിഞ്ഞു താണ് ഒഴുക്ക് തടസപ്പെട്ടതാണ് വെള്ളക്കെട്ടിനു കാരണം.ഈ ഭാഗത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട്, ചെറിയ കലുങ്കിനടിയിൽക്കൂടി ഒഴുകി പോകാൻ സാധിക്കുമായിരുന്നില്ല.മഴ സമയത്ത് കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഈ ഭാഗത്തു കൂടി സഞ്ചരിക്കാൻ ബുദ്ധിമുട്ടായിരുന്നു.
റോഡരുകിലെ കടകൾക്കുള്ളിൽ മലിന ജലം കയറി നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു.വിവിധ വ്യാപാരി സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സജി ചെറിയാൻ എം.എൽ.എ കെ.സ്.ടി.പിക്കു നൽകിയ നിർദ്ദേശത്തെ തുടർന്ന് തകർന്നു താണ കലുങ്ക് പൊളിച്ചു നീക്കി വീതിയും നീളവുമേറിയ പുതിയ കലുങ്ക് നിർമ്മിക്കുകയായിരുന്നു. വ്യാപാരികളുടെ ദുരിതത്തിനു പരിഹാരം കണ്ട എം.എൽ.എ യ്ക്ക് വ്യാപാരി വ്യവസായി ചെങ്ങന്നൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.പി മുരുകേശ്, സെക്രട്ടറി സതീശ് നായർ എന്നിവർ നന്ദി അറിയിച്ചു.