തണ്ണിത്തോട്: മലയോരപാതകളിൽ ഗതാഗത ലംഘനം പതിവാകുന്നതായി പരാതി. നിയമലംഘനങ്ങളും അതുവഴി അപകടങ്ങളും ഏറെയുണ്ടാകുമ്പോൾ പൊലീസും,മോട്ടോർ വാഹന വകുപ്പും പരിശോധനകൾ കാര്യക്ഷമമാക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. കോന്നി തണ്ണിത്തോട് റോഡിൽ അടുത്തിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുള്ളത്.അമിത വേഗത്തിലും അലക്ഷ്യമായും ഇരുചക്രവാഹനം ഓടിച്ചു പോകുന്ന യുവാക്കളാണ് ഏറെയും അപകടത്തിൽപ്പെട്ടത്.ഇവർ വേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാറില്ലെന്നതാണ് വാസ്തവം. വളവുകളും തിരിവുകളുമുള്ള വനപാതയിലൂടെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് മിക്കവരും ഡ്രൈവറിംഗ്.ഓട്ടോറിക്ഷാ,ടാക്‌സി വാഹനങ്ങൾ ഓടിക്കുന്നവരും യൂണിഫോം ധരിക്കാറില്ല.വേഗതയിൽ പായുന്ന യുവാക്കളെ കണ്ട് പലരും ഒഴിഞ്ഞു മാറുന്നതുകൊണ്ടാണ് പ്രധാന അപകടങ്ങൾ ഒഴിവാകുന്നത്.മത്സര ഓട്ടം നടത്തുന്ന ഇവർ വളവുകളിൽ വേഗം കുറയ്ക്കുകയോ ഹോൺ മുഴക്കുകയോ ചെയ്യുകയില്ല.
അമിത ഭാരം കയറ്റി ലോറികളും
വനഭാഗത്തെ റോഡിൽ തുടർച്ചയായ വളവുകളുള്ളതിനാൽ നിയന്ത്രണം വിട്ട് വാഹനങ്ങൾ മറിയുന്ന സംഭവങ്ങളുമുണ്ട്. അമിതഭാരം കയറ്റി വരുന്ന ലോറികളും പതിവ് കാഴ്ചയാണ്. 10ടൺ ഭാരത്തിൽ കൂടുതൽ ലോറികളിൽ അനുവദിച്ചിട്ടില്ലങ്കിലും 15 ഉം, 20 ഉം ടൺ ഭാരം കയറ്റിയ ലോറികളാണ് മലയോരപാതകളിലൂടെ കടന്നു പോകുന്നത്. റബർ തടികൾ കയറ്റി പോകുന്ന ലോറികൾ കാബിനെക്കാൾ ഉയരത്തിലും വശങ്ങളിലേക്കും പിന്നിലേക്കും മുന്നിലേക്കും തടികൾ തള്ളി നിൽക്കുന്ന രീതിയിലാണ് ലോഡ് കയറ്റി പോകുന്നത്.ഇത് റോഡരികിലെ വൈദ്യുത പോസ്റ്റുകൾക്കും കേബിളുകൾക്കും നാശം വരുത്തുന്നുണ്ട്. ക്രഷർ യൂണിറ്റുകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് വഴിയരികിൽ പരിശോധനകളുണ്ടോ എന്ന് അറിയാനായി പലയിടത്തും ആളുകളെ കാവൽ നിറുത്തി മൊബൈൽ ഫോണിലൂടെ വിവരമറിയിക്കുന്നതും പതിവാണ്.മദ്യപിച്ച് വാഹനമോടിച്ചുണ്ടാവുന്ന അപകടങ്ങളും ഇവിടെ പതിവാണ്.വനഭാഗത്തെ റോഡുകളിൽ അപകങ്ങളുണ്ടായാൽ പലപ്പോഴും വൈകിയാവും പുറം ലോകമറിയുന്നത്.