തിരുവല്ല: സ്ത്രീ സുരക്ഷയ്ക്കും മാലിന്യ നിക്ഷേപം തടയുന്നതിനുമായി തിരുവല്ല നഗരസഭ സ്ഥാപിച്ച നിരീക്ഷണ കാമറയിലേക്ക് കാട് വളർന്നുകയറുന്നു. തിരുവല്ല റെയിൽവേ സ്‌റ്റേഷൻ റോഡിൽ പതിവായി മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ആറുമാസം മുമ്പാണ് ഇവിടെ കാമറകൾ സ്ഥാപിച്ചത്. എന്നാലിപ്പോൾ കാമറ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് തൂണിലടക്കം കാട്ടുവള്ളികൾ പടർന്ന് കയറിയിരിക്കുകയാണ്. കാമറയുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ കാട് മൂടിയതോടെ ഇടയ്ക്ക് ശമനമുണ്ടായിരുന്ന മാലിന്യ നിക്ഷേപം റോഡിൽ വീണ്ടും ശക്തമായിട്ടുണ്ട്. നിരീക്ഷണ കാമറകളുടെ സംരക്ഷണം ഉറപ്പുവരുത്താൻ നഗരസഭാ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.