തിരുവല്ല: പെരിങ്ങരയിലെ പൊതുനിരത്തുകൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറുന്നു. കാവുംഭാഗം - ചാത്തങ്കരി, മൂവിടത്തു പടി - കാരയ്ക്കൽ, കാരയ്ക്കൽ - സ്വാമിപാലം എന്നീ റോഡുകളിലാണ് മാലിന്യ നിക്ഷേപം ഏറെ ശക്തമായിരിക്കുന്നത്. ഇറച്ചിക്കടകളിലെ മാലിന്യങ്ങളും സാനിറ്ററി നാപ്കിൻ ഉൾപ്പടെയുള്ളവയും പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലുമാക്കി വഴിവക്കിൽ തള്ളുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. മൂവിടത്ത് പടി റോഡിൽ പേരൂർക്കാവിന് സമീപത്തായി നടത്തുന്ന മാലിന്യ നിക്ഷേപം വഴിയാത്രക്കാരെ ഏറെ വലയ്ക്കുന്നു. പൊതുവെ വിജനമായ ഈ ഭാഗത്ത് ആരുടെയും കണ്ണിൽപ്പെടാതെ മാലിന്യം നിക്ഷേപിക്കാമെന്നതാണ് ഇവിടെ മാലിന്യം തള്ളൽ ശക്തമാകാൻ കാര്യം.

മഴ പെയ്തതോടെ ദുർഗന്ധം

ചാത്തങ്കരി റോഡിൽ കൊട്ടാണിപ്പറ ഭാഗത്തും മാലിന്യം തള്ളൽ പതിവായിട്ടുണ്ട്. മഴ പെയ്യുന്നതോടെ ചാക്കുകളിൽ കെട്ടിനിറച്ച മാലിന്യങ്ങൾ പുഴുവരിച്ച് കടുത്ത ദുർഗന്ധം പരത്തുകയാണ്. മാലിന്യ നിക്ഷേപം ശക്തമായിരിക്കുന്ന ഭാഗങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

-നിരീക്ഷണ കാമറ സ്ഥാപിക്കണം

-മാലിന്യം ചാക്കുകളിൽ കെട്ടി തള്ളുന്നു

-വഴിയാത്രക്കാ‌ർ മൂക്ക് പൊത്തേണ്ട ഗതികേട്

-ഇറച്ചി മാലിന്യം വേറെ