test

പത്തനംതിട്ട: കുതിച്ചുപായുന്ന കൊവിഡിനെ പിടിച്ചുകെട്ടാൻ ജില്ലയുടെ പോരാട്ടം ആറുമാസം പിന്നിട്ടു. കൊവിഡ് കണക്ക് ഒരോ ദിവസവും ഉയർന്ന് നാലായിരം കടന്നു.

മാർച്ച് ഏഴിന് റാന്നി ഐത്തലയിൽ ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും അവരുടെ രണ്ട് ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ആരംഭിച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് ഇന്നലെ ആറുമാസം പൂർത്തീകരിച്ചത്.

ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേർന്നൊരുക്കിയ പ്രതിരോധത്തിൽ പിന്നാലെ തദ്ദേശസ്ഥാപനങ്ങളും പൊലീസും സന്നദ്ധ സേവകരുമൊക്കെ പങ്കാളികളായി.

ഐത്തലയിൽ ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി സമ്പർക്കത്തിലായ രണ്ടുപേരെ റാന്നി താലൂക്ക് ആശുപത്രിയിൽ പനിക്കു ചികിത്സിച്ച ഡോക്ടർക്കു തോന്നിയ സംശയമാണ് കൊവിഡ് സ്ഥിരീകരണത്തിലേക്കു നയിച്ചത്. ഇതേ കുടുംബത്തിലെ വൃദ്ധമാതാപിതാക്കളടക്കം ഏഴു പേർക്കും ബന്ധുക്കളായ രണ്ടുപേർക്കും കൊവിഡ് പോസിറ്റീവായി.

ഇതോടെ സംസ്ഥാനത്ത് പ്രതിരോധം ശക്തമാക്കി. സമ്പർക്കവ്യാപനം കണ്ടു തുടങ്ങിയത് റാന്നിയിൽ നിന്നാണ്. ബ്രേക്ക് ദി ചെയ്ൻ കാമ്പയിനു തുടക്കമിട്ടതും പത്തനംതിട്ടയിലാണ്. ആരോഗ്യവകുപ്പ് ജീവനക്കാരും സന്നദ്ധ പ്രവർത്തകരും രാപ്പകൽ കൊവിഡ് കൺട്രോൾ റൂമിൽ പ്രവർത്തിച്ചു. സമ്പർക്ക വ്യാപനം പരിമിതപ്പെടുത്തിയത് നേട്ടമായി. ഏപ്രിൽ 12വരെ രോഗബാധിതരായത് 18പേരാണ്. എല്ലാവരെയും ഭേദമാക്കി മേയ് ആറിന് ജില്ല സമ്പൂർണ കൊവിഡ് മുക്തമായിരുന്നു.

പ്രവാസികളെയും ഇതര സംസ്ഥാനക്കാരെയും മടക്കിക്കൊണ്ടുവരാൻ തുടങ്ങിയശേഷം മേയ് 12നാണ് ജില്ലയിൽ വീണ്ടും കൊവിഡ് കണക്കുയർന്നത്. വിദേശത്തുനിന്നെത്തിയ ആദ്യ സംഘത്തിലെ ജില്ലക്കാരിയായ വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഈ ഘട്ടം തുടങ്ങി. ഗൾഫിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ് ജൂലായ് ആറുവരെ രോഗികളായത്.

ജൂലായ് ആറിന് ജില്ലയിൽ പ്രാദേശിക സമ്പർക്ക രോഗികളുടെ എണ്ണം എട്ടായിരുന്നു. പത്തനംതിട്ട സ്വദേശിയും ബേക്കറി നടത്തുന്നയാളുമായ വിദ്യാർത്ഥി നേതാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്കവ്യാപനത്തിന്റെ മറ്റൊരു ഘട്ടത്തിന് തുടക്കമായി. പത്തനംതിട്ടയിൽ രണ്ട് മത്സ്യവ്യാപാരികൾക്കു കൂടി രോഗം കണ്ടെത്തിയതോടെ സമ്പർക്കപ്പട്ടിക വിപുലമായി. റാപ്പിഡ് ആന്റിജൻ പരിശോധനയിലൂടെ കുമ്പഴ മത്സ്യമാർക്കറ്റ് കേന്ദ്രീകരിച്ച് രോഗവ്യാപനം കണ്ടെത്തി. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ക്ലസ്റ്ററുകളിലൊന്നായി കുമ്പഴ നിലനിന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 100 കടക്കാനും അധികദിവസം വേണ്ടിവന്നില്ല. കുമ്പഴയ്ക്കു പിന്നാലെ അടൂർ, കുറ്റപ്പുഴ, കോട്ടാങ്ങൽ തുടങ്ങിയ സ്ഥലങ്ങളിലും ക്ലസ്റ്ററുകളായി. ആഗസ്റ്റ് ആറുവരെ സമ്പർക്കവ്യാപനം 750 പേരിലെത്തി.

ജില്ലയിൽ കൊവിഡ് കണക്കുകൾ ആയിരം കടന്നത് ജൂലായ് 25നാണ്. ആഗസ്റ്റ് 16ലെത്തിയപ്പോൾ ഇത് 2000 കടന്നു. 27ന് 3000 ലെത്തി. ഇക്കഴിഞ്ഞ ഏഴിന് രോഗികൾ 4000 കടന്നു. ഇന്നലെ വരെ 4024 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 2567 പേർ സമ്പർക്ക രോഗികളാണ്.

ജില്ലയിൽ നിന്നുള്ള സ്രവ പരിശോധന നടക്കുന്നത് തിരുവനന്തപുരം വൈറോളജി ലാബിലാണ്. കൊവിഡ് പ്രതിദിനവ്യാപന കണക്കുകൾ ഉയർന്നതോടെ കോഴഞ്ചേരി പബ്ലിക് ഹെൽത്ത് ലാബിനോടു ചേർന്ന് ട്രൂനാറ്റ്, സിബിനാറ്റ് പരിശോധനകൾ തുടങ്ങി. ഗർഭിണികൾ, അത്യാസന്ന നിലയിലായവർ തുടങ്ങിയവരുടെ പരിശോധനകളും മൃതദേഹ പരിശോധനകളും ഇവിടെ നടന്നു.
കോഴഞ്ചേരി പബ്ലിക് ഹെൽത്ത് ലാബിനോടു ചേർന്ന് ആർ.ടി.പി.സി.ആർ പ്രതിദിന പരിശോധനാ സൗകര്യമായിട്ടുണ്ട്. ജീവനക്കാരെ നിയോഗിച്ച് പരിശീലനം പൂർത്തിയാക്കി ട്രയൽ റൺ നടന്നുവരികയാണ്. ലാബ് പ്രവർത്തനം തുടങ്ങുന്നതോടെ പ്രതിദിനം നൂറിലേറെ ആർ.ടി.പി.സി.ആർ പരിശോധന പ്രതിദിനം ജില്ലയിൽ നടക്കും.