തിരുവല്ല: നിരണം വലിയപള്ളി- വൈ.എം.സി.എ-ആശാരിപ്പടി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിരണം വലിയപള്ളി പടിയില്‍ നിന്ന് ആരംഭിക്കുന്ന ഈ റോഡ് നിരണം സെന്റ് മേരീസ് ഹൈസ്‌കൂള്‍ മുതല്‍ പള്ളിക്കടവ്, വൈ.എം.സി.എയിലൂടെ കടന്നു പോകുന്നു. തകർച്ചയിലായ റോഡ് ടാറിംഗ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൈ.എം.സി.എ പ്രസിഡന്റ് വര്‍ഗീസ് എം.അലക്‌സും വാര്‍ഡംഗം ബഞ്ചമിന്‍ തോമസും ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന് നിവേദനം നൽകിയതിനെ തുടർന്നാണ് 20 ലക്ഷം രൂപ റോഡ് നിർമ്മാണത്തിന് അനുവദിച്ചത്. നിരണം ഡക്ക് ഫാം,യരുശലേം മാര്‍ത്തോമ്മാ പള്ളി,ചക്കുളം ദേവീക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്രാദൈര്‍ഘ്യം കുറഞ്ഞ വഴിയാണ്. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍ നിര്‍വഹിച്ചു. നിരണം പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. രാജു പുളിമ്പള്ളിൽ,കുര്യൻ കൂത്തപ്പള്ളി, വി.സി.വർഗീസ്,അലക്സ് പുത്തൂപ്പള്ളിൽ, ജയിൻസ്, ബിജു എന്നിവർ പ്രസംഗിച്ചു.