ചെങ്ങന്നൂർ: വിപുലമായ സൗകര്യങ്ങളോടെ ആരംഭിച്ച നഗരസഭ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിക്കപ്പെട്ട രോഗികൾ ഇന്നലെ നിരാഹാര സമരം നടത്തി. 3ന് ശേഷം ഡോക്ടർമാർ യാതൊരുവിധ പരിശോധനകളും ട്രീറ്റ്മെന്റ് സെന്ററിൽ നടത്തിയിട്ടില്ല. ഷുഗർ രോഗികളും പ്രഷർ രോഗികളും കഴിക്കുന്ന ഭക്ഷണം സാധാരണ ഭക്ഷണം മാത്രമായതിനാൽ ഷുഗറും, പ്രഷറും പരിശോധിക്കേണ്ടതുണ്ട്. അതിനാൽ ഡോക്ടർ എത്താത്തത് ഇവരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. കൂടാതെ കൊവിഡ് മാത്രമുള്ള രോഗികൾക്ക് ഭക്ഷണം സാധാരണയിൽ കുറവാണ് കിട്ടുന്നതെന്നും ഭക്ഷണത്തിന് നിലവാരം ഇല്ലെന്നും ആരോപണമുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കുമ്പോൾ അധികാരികൾ തികച്ചും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്.
ഇവരുടെ ആവശ്യങ്ങൾ പരിഗണിക്കും. നിലവിൽ ഇവിടെയുള്ളത് പുതിയതായി നിയമിക്കപ്പെട്ട ജൂനിയർ ഡോക്ടർമാരാണ്. ഇത് പരിഹരിക്കാൻ ആരോഗ്യവകുപ്പ് അധികാരികളുമായി ഇന്ന് ചർച്ച നടത്തും.
കെ.ഷിബുരാജൻ
(നഗരസഭ ചെയർമാൻ)
സമരക്കാരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. കാന്റീൻ നടത്തിപ്പുകാരെ വിളിച്ചു വരുത്തി രോഗികൾ പറഞ്ഞത് ന്യായമായ കാര്യങ്ങളാണെന്ന് പറഞ്ഞിട്ടുണ്ട്. നല്ല ഭക്ഷണം അവശ്യാനുസരണം എല്ലാവർക്കും നൽകണമെന്നും 4ന് ശേഷം ചായയോടൊപ്പം പലഹാരവും നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
സജി ചെറിയാൻ
(എം.എൽ.എ)