പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് നിക്ഷേപതട്ടിപ്പ് കേസിലെ പ്രതികളെ കൊട്ടാരക്കര സബ് ജയിലിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്നലെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്രേട്ട് കോടതി പരിഗണിച്ചിരുന്നു. ഈ മാസം 14 വരെയാണ് ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ ,മക്കളായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവ‌ർ കസ്റ്റഡിയിലുണ്ടാവുക. ഇന്നലെ രാത്രിയോടെ ഇവരെ കോന്നിയിൽ എത്തിച്ചു. ഐ. ജി. ഹർഷിത അട്ടെല്ലൂരി അടുത്ത ദിവസം അന്വേഷണത്തിന്റെ ഭാഗമായി കോന്നിയിലെത്തും. ഇന്ന് പ്രതികളെ തെളിവെടുപ്പിനായി പോപ്പുലർ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലെത്തിക്കും. ഏതെല്ലാം രാജ്യങ്ങളിൽ നിക്ഷേപമുണ്ട്, സ്വത്തുവകകൾ എങ്ങനെയാണ് കടത്തിയിരിക്കുന്നത് ,ആരെല്ലാമാണ് ഉൾപ്പെട്ടിട്ടുള്ളത് എന്നെല്ലാം വിശദമായി അന്വേഷിക്കുന്നുണ്ട്. സ്ഥാപനങ്ങളിൽ മുമ്പ് ജോലി ചെയ്തിരുന്നവരെയും വരും ദിവസങ്ങളിൽ ചോദ്യംചെയ്യും. ബന്ധുക്കളുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ വരും .. സ്ഥാപനം നഷ്ടത്തിൽ പോകുന്നതായി 5 വർഷങ്ങൾക്ക് മുൻപേ അറിയാമായിരുന്നിട്ടും കുടുതൽ ശാഖകൾ തുടങ്ങി നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നു.