പത്തനംതിട്ട: കൊവിഡ് സമ്പർക്കപ്പട്ടികയിലുള്ള ഇലന്തൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്.സിജു ഒാഫീസിലെത്തി ഫയലുകൾ നോക്കിയത് വിവാദമായി. ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച ശേഷമാണ് ഇദ്ദേഹം പഞ്ചായത്ത് ഒാഫീസിലെത്തിയത്. ഇന്നലെ രാവിലെ 11 മുതൽ ഒരു മണിവരെ ഒാഫീസിലിരുന്ന് ഫയലുകൾ പരിശോധിച്ചു. ജീവനക്കാരുടെ ക്യാബിനുകളിൽ കയറി. ഒരു ജീവനക്കാരനെ തന്റെ ക്യാബിനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. ഇക്കാര്യങ്ങൾ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ടു ചെയ്തു.

കൊവിഡ് രോഗിയുമായി സമ്പർക്കത്തിലുള്ള ആളായതിനാൽ ഒാഫീസിൽ നിന്ന് മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സിജു മടങ്ങിപ്പോകാൻ തയ്യാറായില്ലെന്ന് ജീവനക്കാർ പറഞ്ഞു.

അതേസമയം, പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതിനാൽ തന്നെ മോശമാക്കാനാണ് ഇത്തരം പ്രചാരണമെന്ന് സിജു പ്രതികരിച്ചു. തന്റെ പിതാവിന് ആദ്യം കൊവിഡ് പിടിപെട്ടപ്പോൾ 28 ദിവസം ക്വറന്റൈനിൽ കഴിഞ്ഞതാണ്. അടുത്തിടെ, ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോഴും ക്വാറന്റൈനിൽ കഴിഞ്ഞു. തന്റെ പരിശോധന ഫലം നെഗറ്റീവാണ്. വീടിന്റെ മുകളിലെ നിലയിൽ താനും മകനും ഒറ്റയ്ക്ക് പാചകം ചെയ്തു കഴിയുകയാണ്. ഇവിടേക്ക് കയറാൻ പ്രത്യേകം വഴിയുണ്ട്. ഇക്കാര്യം ആരോഗ്യ വകുപ്പിലും പൊലീസിലും അറിയിച്ചിട്ടുള്ളതാണ്. പിതാവും ഭാര്യയും താഴെ നിലയിലുമാണ്. അത്യാവശ്യ കാര്യങ്ങൾക്കാണ് താൻ ഒാഫീസിൽ എത്തിയതെന്ന് സിജു പറഞ്ഞു.