പത്തനംതിട്ട : വൈകിട്ട് ഏഴിന് ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള കൊവിഡ് രോഗികൾക്കു മാത്രമേ ഗതാഗത സൗകര്യം ഒരുക്കുകയുള്ളുവെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിക്ക് ആംബുലൻസിൽ പീഡനം ഉണ്ടായതിന്റെ സാഹചര്യം വിലയിരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഇനിമുതൽ രാത്രി ഏഴ് മണി വരെയാകും കൊവിഡ് രോഗികൾക്ക് ഗതാഗത സൗകര്യം ക്രമീകരിക്കുക. ആശുപത്രി സൂപ്രണ്ടുമാർ, നോഡൽ ഓഫീസർമാർ എന്നിവർ രോഗികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനൊപ്പം ചികിത്സാ കേന്ദ്രങ്ങളിൽ രോഗികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ തഹസീൽദാർമാർ അവ വിലയിരുത്തി ഡെപ്യൂട്ടി കളക്ടർമാരുടെ സഹായത്തോടെ പരിഹരിക്കണം.
ആറന്മുളയിലെ സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് ചർച്ച ചെയ്തു. സംഭവത്തെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആർ.ഡി.ഒ, ഡി.എം.ഒ എന്നിവരെ ചുമതലപ്പെടുത്തി. ഗതാഗത സൗകര്യത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നതും അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങൾ ഉണ്ടോ എന്നതും യോഗത്തിൽ വിലയിരുത്തി. ഗതാഗത സൗകര്യം സുഗമമാക്കുന്നതിനായി താലൂക്ക്തലത്തിൽ പത്ത് ആംബുലൻസും ബ്ലോക്ക് തലത്തിൽ പത്ത് ആംബുലൻസും സജീകരിക്കാൻ നിർദേശം നൽകി. നിലവിൽ താലൂക്കുകളിലും ബ്ലോക്ക് തലത്തിലുമായി 18 ആംബുലൻസുകളാണ് ഉള്ളത്. ഇതിനു പുറമേയാണ് 20 ആംബുലൻസുകൾ ക്രമീകരിക്കാൻ നിർദേശം നൽകിയിട്ടുള്ളത്.
രാത്രി ഏഴ് മണിക്ക് ശേഷം രോഗികളെ ആശുപത്രികളിലേക്ക് എത്തിക്കേണ്ട സാഹചര്യമുണ്ടായാൽ രണ്ടു തരത്തിലാകും ചികിത്സാ കേന്ദ്രങ്ങളിലേക്കു മാറ്റുക. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളവരെ മാറ്റുന്നത് സംബന്ധിച്ച് ആശുപത്രിതലത്തിൽ തീരുമാനമെടുക്കും. അല്ലാത്ത സാഹചര്യങ്ങൾ കൃത്യസമയത്ത് ജില്ലാ ഭരണകൂടത്തെ വിവരങ്ങൾ അറിയിച്ചതിനുശേഷം മാത്രമാകും രോഗിയെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുക. ആശുപത്രികളിലെ വനിതാ ജീവനക്കാരുടെ സംരക്ഷണം ഉറപ്പ് വരുത്തും.
രാത്രിയിൽ രോഗികളെ എത്തിക്കാൻ കഴിയാതെ വരുമ്പോൾ കൂടുതൽ രോഗികളെ പകൽ സമയങ്ങളിൽ അഡ്മിറ്റ് ചെയ്യേണ്ടതായി വരും. ഇതിനായി കൂടുതൽ ആംബുലൻസുകൾ ആവശ്യമായി വരുന്നതിനാൽ ഉടനെ 20 ആംബുലൻസുകൾ ക്രമീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനോടകംതന്നെ പത്തനംതിട്ട ഇടത്താവളത്തിലുള്ള നാല് ആംബുലൻസുകൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
എഡിഎം അലക്സ് പി. തോമസ്, സബ് കളക്ടർ ചേതൻ കുമാർ മീണ, അസിസ്റ്റന്റ് കളക്ടർ വി.ചെൽസാ സിനി, ഡെപ്യൂട്ടി കളക്ടർമാർ, ഡിഎംഒ (ആരോഗ്യം) ഡോ.എ.എൽ ഷീജ, എൻഎച്ച്എം ഡിപിഎം ഡോ. എബി സുഷൻ, തഹസീൽദാർമാർ, മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.