അയിരൂർ : ചിരപുരാതനമായ മൂക്കന്നൂർ വിശ്വഭാരതി ഗ്രന്ഥശാലയ്ക്ക് പുതിയ മുഖം നൽകി ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാൾ നിർമ്മിച്ച് നൽകി. യുവതലമുറയിൽ വായനാശീലം വളർത്തുന്നതിന് വായനശാലകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ജില്ലാ പഞ്ചായത്തിന്റെ നടപടി. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടത്തിന്റെ മുകൾഭാഗത്താണ് ഹാൾ നിർമ്മിച്ച് നവീകരണം നടത്തിയത്. വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂരിന്റെ നിർദ്ദേശപ്രകാരം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നുള്ള തുകയാണ് ഇതിനായി അനുവദിച്ചത്. പുതുതായി നിർമ്മിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ നിർവഹിച്ചു. അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി തോമസ്‌കുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം മോളി ബാബു, പഞ്ചായത്തംഗങ്ങളായ കെ.കെ.ഗോപിനാഥൻ നായർ,അമ്പിളി പ്രഭാകരൻ,ഗ്രന്ഥശാല പ്രസിഡന്റ് എം.ആർ. ജഗൻമോഹൻദാസ്, സെക്രട്ടറി ടി.കെ. ശ്രീകുമാർ, എം.എസ്.രവീന്ദ്രൻനായർ,ചന്ദ്രമോഹൻ, വിദ്യാധരൻ അമ്പലാത്ത്,തോമസ് ദാനിയേൽ എന്നിവർ പ്രസംഗിച്ചു.