ചെങ്ങന്നൂർ: ഉത്തരപ്പള്ളിയാറ് പൂർണമായി മാലിന്യ നിക്ഷേപ കേന്ദ്രമാക്കിമാറുന്നു. ആലാ ചെറിയനാട് പഞ്ചായത്തിന്റെ പുഴയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ കോഴി മാലിന്യം നിക്ഷേപിക്കുന്നുണ്ട്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് എല്ലാ ചിക്കൻ സെന്ററുകളും പ്രവർത്തിക്കുന്നത്. ഇതിൻമേൽ പഞ്ചായത്തുകളോ ആരോഗ്യ വകുപ്പോ യാതൊരു നടപടികളും സ്വീകരിക്കാത്തത് പ്രതിക്ഷേധാർഹമാണ്.
അനധികൃത കൈയേറ്റങ്ങളും മണലൂറ്റും മൂലം നീരൊഴുക്ക് നിലച്ച 'ഉത്തരപ്പള്ളിയാറ് ' പുനർജനി തേടുകയാണ്. ഒരു കാലത്ത് ചെങ്ങന്നൂർ താലൂക്കിന്റെ ഗതാഗത സൗകര്യമായിരുന്നു ഉത്തരപ്പള്ളിയാറ്. പാറാത്തപ്പള്ളിയാറ് എന്നും കുഴിപ്പുഴയെന്നും ഇതിന് പേരുണ്ട്. ഉത്തരപ്പളളിയാറിലെ ജലസ്രോതസ് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത് സമൃദ്ധമായ കാർഷിക മേഖലയിലാണ്. വെണ്മണി ,ആലാ , ചെറിയനാട് ,പുലിയൂർ,ബുധനൂർ പഞ്ചായത്തിലെ എണ്ണയ്ക്കാട് എന്നീ അഞ്ച് വില്ലേജുകളിലായി വ്യാപിച്ചുകിടന്ന നൂറുകണക്കിനു പാടശേഖരങ്ങളിലെ നെൽകൃഷിയ്ക്കും ഇടവേളകളിലെ പച്ചക്കറി കൃഷിയ്ക്കും ഉത്തരപ്പള്ളിയാർ ഉപയുക്തമായിരുന്നു. അന്ന് ഉത്തരപ്പള്ളിയാറ്റിലേക്ക് ജലം കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള കൈതോടുകളും പമ്പ് ഹൗസുകളും ചീപ്പുകളും ഉണ്ടായിരുന്നു. ഇന്ന് അത്തരം ജലസേചന തോടുകൾ എല്ലാം അപ്രത്യക്ഷമാണ്.
അനധികൃത കൈയേറ്റവും വ്യാപകം
അഞ്ച് പഞ്ചായത്തുകളിലായി 18 കിലോമീറ്റർ ദൂരത്തിൽ ഒഴുകിയിരുന്ന ഉത്തരപ്പള്ളിയാറിന്റെ ഇന്നത്തെ പ്രശ്‌നം വൻതോതിലുള്ള അനധികൃത കൈയേറ്റമാണ്. നിലവിൽ 10 കിലോമീറ്റർ ദൂരം പുഴ കൈതോടിന്റെ രൂപത്തിലാണിപ്പോൾ. ബാക്കി ഭാഗം കാണാനേയില്ല. ആലാപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഭാഗത്താണ് ഏറ്റവും കൂടുതൽ കൈയേറ്റം നടന്നിട്ടുള്ളതെന്ന് സർവേ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. ആലാപ്രദേശത്തു മാത്രം ഒന്നര കിലോമീറ്ററോളം കൈയേറിയിട്ടുണ്ട്.ആറിന്റെ ചില ഭാഗത്ത് 25 മീറ്ററോളം വീതിയുള്ളപ്പോൾ ചിലയിടത്ത് കൈത്തോടിന്റെ വലിപ്പം പോലുമില്ല .