ksrtc

കോന്നി: ഗവ.മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് 15 മുതൽ ആരംഭിക്കും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മെഡിക്കൽ കോളേജിൽ ചേർന്ന കെ.എസ്.ആർ.ടി.സി അധികൃതരുടെ യോഗത്തിലാണ് തീരുമാനം. 14 നാണ് മുഖ്യമന്ത്റി മെഡിക്കൽ കോളേജ് കെട്ടിട സമുച്ചയവും, ഒ.പി.യും ഉദ്ഘാടനം ചെയ്യുന്നത്. ഈ ദിവസം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. 15 മുതലാണ് മെഡിക്കൽ കോളേജ് ഒ.പി.യിൽ ചികിത്സ ആരംഭിക്കുന്നത്. അന്നു മുതൽ തന്നെ കെ.എസ്.ആർ.ടി.സി സർവ്വീസും ആരംഭിക്കും. കോന്നിയിൽ നിന്ന് കമ്മണ്ണൂർ ബസിൽ കയറിയാൽ ആനകുത്തി വരെ എത്താനേ കഴിയുകയുള്ളു. അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് പൊതു വാഹനസൗകര്യമില്ല. കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കുന്നതോടെ ഇതിന് പരിഹാരമാകും. കോന്നി, പത്തനംതിട്ട, അടൂർ ഡിപ്പോകളിൽ നിന്നുള്ള ഓരോ ബസുകളാണ് സർവ്വീസിന് അനുവദിച്ചിരിക്കുന്നത്.

കോന്നി ഡിപ്പോയിൽ നിന്ന്

കോന്നിയിൽ നിന്ന് രാവിലെ 6.30 ന് തിരിച്ച് 8മണിക്ക് ആങ്ങമൂഴിയിലെത്തും. അവിടെ നിന്നും 8.20 ന് തിരിച്ച് 10.15ന് മെഡിക്കൽ കോളേജിലെത്തും. തുടർന്ന് 10.30 ന് മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ച് 11.10 ന് പത്തനംതിട്ടയിലെത്തും.11.20 ന് പത്തനംതിട്ടയിൽ നിന്ന് തിരിച്ച് 12 മണിക്ക് വീണ്ടും മെഡിക്കൽ കോളേജിലെത്തും.12.20ന് മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ച് 1 മണിക്ക് പത്തനംതിട്ട വഴി കോട്ടയത്തിന് പോകും.

പത്തനംതിട്ടയിൽ നിന്ന്

പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രാവിലെ 7.45 ന് യാത്ര തിരിച്ച് വെട്ടൂർ, അട്ടച്ചാക്കൽ, കോന്നി വഴി 8.30 ന് മെഡിക്കൽ കോളേജിലെത്തും. തുടർന്ന് 8.45ന് മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ച് 9.30 ന് പത്തനംതിട്ടയിൽ എത്തും. തുടർന്ന് 11.45ന് പത്തനംതിട്ടയിൽ നിന്ന് തിരിച്ച് ചി​റ്റൂർമുക്ക്, കോന്നി വഴി 12.30ന് മെഡിക്കൽ കോളേജിലെത്തും. അവിടെ നിന്നും ഉച്ചയ്ക്ക് 1.15 ന് പത്തനംതിട്ടയിലേക്ക് മടങ്ങും.

അടൂരിൽ നിന്ന്

അടൂരിൽ നിന്നുള്ള ബസ് വള്ളിക്കോട്, പ്രമാടം വഴിയും, കലഞ്ഞൂർ വഴിയും സർവ്വീസ് നടത്തും.